തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങുന്പോൾ പൂരനഗരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ജനുവരി അഞ്ചു മുതൽ 10വരെയാണ് തൃശൂരിൽ സംസ്ഥാന കലോത്സവം നടക്കുന്നത്.
ഇത്തവണ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലാണ് സംസ്ഥാന സ്കൂൾ കലോത്സവം. കലോത്സവത്തിന് ആതിഥ്യമരുളാൻ തൃശൂർ ഒരുങ്ങിത്തുടങ്ങി. പരിഷ്കരിച്ച കലോത്സവ മാന്വൽ പ്രകാരമുള്ള കലോത്സവമാണ് തൃശൂരിൽ നടക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. 2008നു ശേഷമാണ് കലോത്സവ മാന്വൽ പരിഷ്കരിക്കുന്നത്. 2012ലാണ് ഇതിനു മുന്‍പ് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടന്നത്.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂരിലെത്തുന്ന കലോത്സവത്തിനെ വരവേൽക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ ജില്ല കൂടിയായ തൃശൂർ അണിഞ്ഞൊരുങ്ങുകയാണ്. കലോത്സവത്തിന്റെ മുന്നോടിയായി നടക്കാറുള്ള വർണശബളമായ ഘോഷയാത്ര ഇനിയുണ്ടാകില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കലോത്സവത്തിലെ പല ഇനങ്ങൾക്കും മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും കർശനമാക്കിയിട്ടുണ്ട്. അപ്പീലിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് സൂചന.
2012ൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയമായിരുന്നു കലോത്സവത്തിന്റെ പ്രധാന വേദി. സാഹിത്യ അക്കാദമിയും ടൗണ്‍ഹാളും നഗരത്തിലെ വിവിധ സ്കൂളുകളും കലോത്സവത്തിന് വേദിയായിരുന്നു. ഇത്തവണ സ്റ്റേഡിയത്തിൽ പ്രധാന വേദിയുണ്ടാകില്ല. പകരം തേക്കിൻകാട് മൈതാനിയിലാണ് പ്രധാന വേദി നിശ്ചയിച്ചിരിക്കുന്നത്. സ്റ്റേഡിയം നവീകരിച്ച് പുൽത്തകിടി വെച്ചുപിടിപ്പിച്ചതിനാൽ കലോത്സവത്തിന് സ്റ്റേഡിയം വിട്ടുകൊടുക്കില്ല. വരും ദിവസങ്ങളിൽ കലോത്സവം സംബന്ധിച്ച ചർച്ചകളും കൂടിയാലോചനകളും തൃശൂരിൽ നടക്കും.