തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന്റെ ആലപ്പുഴയിലെ കായൽ കൈയേറ്റം സ്ഥിരീകരിക്കുന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് അട്ടിമറിക്കാൻ മന്ത്രിയുടെ നീക്കം. കളക്ടറുടെ റിപ്പോർട്ട് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി റവന്യൂ സെക്രട്ടറിക്കു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടർവേൾഡ് കന്പനി കത്തുനൽകി. റിപ്പോർട്ടിൻമേൽ സർക്കാർ നടപടിയെടുക്കാനൊരുങ്ങവെയാണു മന്ത്രിയുടെ നീക്കം. കളക്ടറുടെ റിപ്പോർട്ടിന്റെ പകർപ്പ് തനിക്കു നൽകിയില്ലെന്ന വിചിത്ര വാദവും മന്ത്രി കത്തിൽ ഉയർത്തുന്നു.
മാർത്താണ്ഡം കായൽ കൈയേറ്റ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വാദമുയർത്തുന്ന മന്ത്രി, ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിൻമേൽ നടപടിയെടുക്കരുതെന്നും നടപടിയെടുത്താൽ അത് കോടതി അലക്ഷ്യമാവുമെന്നും വാദമുയർത്തുന്നു. കളക്ടർ സ്വാഭാവിക നീതി നിഷേധിച്ചെന്നും കത്തിൽ ആരോപണമുണ്ട്.
മന്ത്രിയുടെ കായൽ കൈയേറ്റം സ്ഥിരീകരിച്ച് ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിരുന്നു. മാർത്താണ്ഡം കായൽ മണ്ണിട്ടു നികത്തി പാർക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ലയിപ്പിച്ചെന്നും ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ചതടക്കം കടുത്ത നിയമ ലംഘനങ്ങളാണു മന്ത്രി നടത്തിയത്. നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ചാൽ കേസെടുക്കാനാകും. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, മന്ത്രിക്കെതിരേ കേസെടുക്കണോ എന്നു കളക്ടർ വ്യക്തമാക്കിയിട്ടില്ലെന്നാണു സൂചന.
വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുന്പു സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മന്ത്രി കായൽകൈയേറ്റം നടത്തിയതായി കളക്ടർ ചൂണ്ടിക്കാട്ടിയിരുന്നു.