പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് മുഖ്യമന്ത്രിയാകുന്നു. കറുത്ത ജൂതനു ശേഷം സലീം കുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന “ദൈവമേ കൈതൊഴാം കെ.കുമാറാകണം’ എന്ന ചിത്രത്തിലാണ് പി.സി ജോർജ് കേരള മുഖ്യമന്ത്രിയുടെ വേഷം അണിയുന്നത്. ജയറാം നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ ഈരാറ്റുപേട്ടയും സമീപപ്രദേശങ്ങളുമാണ്. നേരത്തെ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസിൽ പി.സി ജോർജ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
വില്ലേജ് ഓഫീസറായ കെ. കുമാറിന്റെയും ഭാര്യ വിമലയുടെയും കഥയാണ് ഈ ചിത്രത്തിൽ. വിമലയുടെ വേഷം അവതരിപ്പിക്കുന്നത് അനുശ്രീയാണ്. നെടുമുടി വേണു, ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നവർ. ശ്രീജിത്ത് രാമചന്ദ്രൻ, ഡോ. സഖറിയ തോമസ്, ആൽവിൻ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.