ഷെറിന്റെ മൃതദേഹം കണ്ടെടുത്തു

റിച്ചാർഡ്സണ്‍: വൃക്ഷ ചുവട്ടിൽ നി്ന്നും അപ്രത്യക്ഷമായ ഷെറിൻ മാത്യുവിന്േ‍റതെന്ന് സംശയിക്കുന്ന മൃതദേഹം ഒക്ടോബർ 22 ന് റിച്ചാർഡ്സൻ പോലീസ് കണ്ടെടുത്തു. റിച്ചാർഡ്സണ്‍ പോലീസ് മൃതദേഹം കണ്ടെടുത്ത കാര്യം സ്ഥിരീകരിച്ചു. കണ്ടെടുത്തത് ഷെറിന്‍റെ മൃതദേഹമാണോ എന്ന് ചോദ്യത്തിന് മറിച്ച് ചിന്തിക്കുവാൻ സാധ്യത കാണുന്നില്ലല്ലോ’ എന്നാണ് ഓഫീസർ മറുപടി നൽകിയത്. വിശദമായ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ ഒൗദ്യോഗികമായി സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളു എന്നും ഓഫീസർ കൂട്ടിച്ചേർത്തു.
മൃതദേഹം കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തിരിച്ചറിയലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആരും എത്തിച്ചേർന്നില്ലെന്നും പോലീസ് പറഞ്ഞു.

ഒക്ടോബർ ഏഴിന് വീടിന് പുറകുവശത്തുള്ള വൃക്ഷചുവട്ടിൽനിന്നാണ് ഷെറിന് അവസാനമായി കാണാതായത്. തുടർന്നു നടന്ന തിരച്ചിലിനൊടുവിലാണ് സ്പ്രിംഗ് വാലി ടൗണ്‍ സെന്‍റർ റെയിൽ പാളത്തിന് കുറുകെയുള്ള വലിയ പൈപ്പിന് സമീപം മൃതദേഹം കണ്ടെത്തിയത്. ഷെറിൻ മാത്യുവിന്‍റെ വീട്ടിൽനിന്നും ഒരു കിലോമീറ്റർ താഴെമാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം.

റെയിൽ പാളത്തിന് ഇരുവശത്തുമുള്ള ടൗണ്‍ ഹൗസുകളിൽ ധാരാളം ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. റെയിൽ പാളത്തിന് സമീപം താമസിക്കുന്ന രണ്ട് സ്ത്രീകളാണ് മൃതദേഹം ആദ്യമായി കണ്ടെത്തിയതെന്ന് സമീപ വാസികൾ പറയുന്നു. ഇവർ അറിയിച്ചതനുസരിച്ച് പോലീസ് എത്തി മൃതദേഹം കണ്ടെത്തിയ സ്ഥലം സീൽ ചെയ്തു.

രാത്രി പെയ്ത മഴയിൽ കോണ്‍ക്രീറ്റ് പൈപ്പിലൂടെ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് പൈപ്പിന് തൊട്ടുമുന്പിലാണ് മുതദേഹം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ കൃത്യ സ്ഥലം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്ങനെയാണ് മരിച്ചതെന്നും വ്യക്തമാകണമെങ്കിൽ ആട്ടോപ്സി റിപ്പോർട്ട് ലഭിക്കണം. എഫ്ബിഐയും ലോക്കൽ പോലീസും ഡ്രോണുകൾ ഉൾപ്പെടെ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഷെറിന്‍റെ വീടിന് 2 മൈൽ ചുറ്റളവിൽ അന്വേഷിച്ചിട്ടും ഒരു തുന്പും ലഭിക്കാഞ്ഞത് ദൗർഭാഗ്യമാണെന്നാണ് പറയപ്പെടുന്നത്.

സ്വന്തം കുഞ്ഞിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് ഒക്ടോബർ 23 ന് വാദം കേൾക്കുവാൻ ഇരിക്കെയാണ് ഷെറിന്േ‍റതെന്ന സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. പാൽ കുടിക്കാത്തതിന്‍റെ ശിക്ഷയായി പുലർച്ചെ മൂന്നിന് കുട്ടിയെ കൊയോട്ടികൾ വിഹരിക്കുന്ന വൃക്ഷത്തിന് സമീപം ഒറ്റക്ക് നിർത്തിയെന്നും, പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചുവന്നപ്പോൾ കുട്ടി അപ്രത്യക്ഷമായെന്നും വെസ്ലി പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത്. ജാമ്യത്തിൽ വിട്ട വെസ്ലിയുടെ പേരിൽ ഇതുവരെ മറ്റൊരു കേസും ചാർജ് ചെയ്തിട്ടില്ല എന്ന് പോലീസ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

ഷെറിൻ എന്ന പിഞ്ചു ബാലികയെ കാണായത് മുതൽ അന്വേഷണത്തിൽ പോലീസിനെ സഹായിച്ചിരുന്ന വലിയൊരു ജനവിഭാഗം ഷെറിൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് മൃതദേഹം കണ്ടെത്തിയതോടെ അസ്തമിച്ചത്.ഷെറിൻ നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്ന വൃക്ഷചുവട്ടിൽ ദിവസം തോറും നൂറ് കണക്കിന് ആളുകൾ ഷെറിന് വേണ്ടി പ്രാർഥനക്കായി ഒത്ത് ചേർന്നിരുന്നു. ഷെറിനെ കണ്ടെത്തുന്നതിന് എല്ലാവരും പ്രത്യേകിച്ച് ഇന്ത്യൻ മലയാളി സമൂഹം രംഗത്തിറങ്ങണമെന്ന് മാധ്യമങ്ങളിലൂടേയും ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് എല്ലാവരേയും കണ്ണീർ കയത്തിലാഴ്ത്തി വലിയൊരു ദുരന്തത്തിന്‍റെ വാർത്ത പുറത്ത് വന്നത്. പ്രധാന അമേരിക്കൻ ചാനലുകളും ഇന്ത്യൻ ചാനലുകളും ഇന്ത്യ ഗവണ്‍മെന്‍റൂം കുഞ്ഞിനെ കണ്ടെത്തുന്നതിന് പരമാവധി ശ്രമിച്ചിരുന്നുവെന്നത് സംഭവത്തിന്‍റെ പ്രാധാന്യം വർധിപ്പിച്ചു.

നൊന്തു പ്രസവിച്ച മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട “സരസ്വതി’എന്ന പിഞ്ചു ബാലിക 2016 ജൂണ്‍ 23 നാണ് വെസ്ലിയുടേയും സിനിയുടേയും ദത്തുപുത്രിയായി ഷെറിൻ മാത്യു എന്ന പേരിൽ അമേരിക്കയിൽ എത്തിയത്.

Related posts