ബാഹുബലിക്ക് ശേഷം തിയറ്ററിലെത്തുന്ന അനുഷ്കയുടെ ചിത്രമാണ് ഭഗന്മതി. ബാഹുബലിയിലെ സുന്ദരിയായ ദേവസേനയ്ക്ക് പിന്നാലെയെത്തുന്ന ഭഗന്മതിയും അതേ മികവോടെയാകണമെന്ന് അണിയറക്കാർക്കു നിർബന്ധമാണ്.
എന്നാൽ സൈസ് സീറോ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഭഗന്മതിയുടെ കുറേ ഷെഡ്യൂൾ. അതിനാൽ തന്നെ വണ്ണമുള്ള അനുഷ്കയെയാണ് കാണാനാവുന്നത്. എന്നാൽ ഇതിൽ സംവിധായകൻ തൃപ്തനല്ല. മെലിഞ്ഞു സുന്ദരിയായ അനുഷ്ക വേണമെന്ന നിർബന്ധത്താൽ ഗ്രാഫിക്സ് ഉപയോഗിച്ച് മിനുക്കി എടുക്കുകയാണ്.
ഇതിനുള്ള ചെലവാണ് പക്ഷേ ഞെട്ടിക്കുന്നത്. അഞ്ചു കോടി രൂപയാണ് ഇതിനു മാത്രമായി ചെലവാകുന്നത്. നാലു കോടി രൂപയാണ് അനുഷ്കയുടെ പ്രതിഫലം. അതിനാൽ തന്നെ ഇത് അധികച്ചെലവാണ്. ബാഹുബലിയുടെ ചില ഭാഗങ്ങളിൽ അനുഷ്കയ്ക്ക് വണ്ണം തോന്നിച്ചതും വിമർശനത്തിന് കാരണമായിരുന്നു. ഇത് ഭഗന്മതിയിൽ ആവർത്തിക്കരുതെന്നും അണിയറ പ്രവർത്തകർക്ക് നിർബന്ധമുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് സിനിമയുടെ റിലീസ് വൈകുന്നതും. അടുത്ത വർഷം ആദ്യത്തോടെ ചിത്രം തിയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദൻ, ആശാ ശരത്, ജയറാം എന്നിവരും ചിത്രത്തിലുണ്ട്.