ഹൂസ്റ്റണ്: അമേരിക്കയിലെ ടെക്സസിൽ മലയാളി ദന്പതികളുടെ മൂന്നു വയസുള്ള വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വളർത്തച്ഛൻ വെസ്ലി മാത്യുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഷെറിൻ മാത്യൂസിന്റേതെന്നു കരുതുന്ന മൃതദേഹം റിച്ച്മണ്ട് സിറ്റി പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഷെറിന്റെ മൃതദേഹം തന്നെയാണിതെന്നു സ്ഥിരീകരിച്ചിട്ടില്ല. മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കുട്ടിയെ പരിക്കേൽപ്പിച്ചു എന്ന കുറ്റത്തിനാണ് ഇപ്പോൾ വെസ്ലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൻ വെസ്ലിക്ക് 99 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കണമെങ്കിൽ ആറരക്കോടി രൂപയോളം ബോണ്ട് നൽകണം.
മൃതദേഹം മറ്റാരുടേതുമാകാൻ സാധ്യതയില്ലെന്നു പോലീസ് പറഞ്ഞു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്ന കാര്യത്തിൽ പോലീസ് വിശദീകരണം നല്കിയിട്ടില്ല. ഷെറിനെ ഏഴിന് പുലർച്ചെ മൂന്നിനാണു കാണാതായത്. പാലു കുടിക്കാൻ വിസമ്മതിച്ച കുഞ്ഞിനെ വീടിനു പുറത്തെ മരച്ചുവട്ടിൽ നിർത്തിയെന്നും 15 മിനിട്ടിനുശേഷം ചെന്നു നോക്കിയപ്പോൾ കണ്ടില്ലെന്നുമാണ് ആദ്യം വെസ്ലി പോലീസിനോടു പറഞ്ഞത്. എന്നാൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്തപ്പോൾ വെസ്ലി ഈ മൊഴി മാറ്റിപ്പറഞ്ഞു. പുതിയ മൊഴി ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല. കുഞ്ഞിനെ ഉപേക്ഷിക്കൽ, അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾക്ക് കുട്ടിയെ കാണാതായ അന്നുതന്നെ അറസ്റ്റിലായ വെസ്ലി രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.
ജാമ്യത്തിൽ വിട്ട വെസ്ലിയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് കൈയിൽ ഇലക്്ട്രോണിക് മോണിട്ടറിംഗ് ബ്രേസ്ലറ്റ് ഘടിപ്പിച്ചാണ് വെസ്ലിയെ ജാമ്യത്തിൽ വിട്ടത്. വെസ്ലിയും ഭാര്യ സിനിയും തിങ്കളാഴ്ച കോടതിയിൽ ഇവരുടെ നാലു വയസുകാരി മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദത്തിന് എത്തിയിരുന്നു. വെസ്ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തിരുന്നു. കേസ് അടുത്തമാസം 13ലേക്ക് വാദം കേൾക്കുന്നതിനായി മാറ്റി.
എറണാകുളം സ്വദേശി വെസ്ലി മാത്യൂസും ഭാര്യ സിനിയും രണ്ടു വർഷം മുന്പു ബിഹാറിൽനിന്നാണ് ഷെറിനെ ദത്തെടുത്തത്. ഷെറിന് വളർച്ചക്കുറവും സംസാരിക്കാൻ പ്രശ്നവുമുണ്ടായിരുന്നു. തൂക്കം കൂടാൻ ഇടയ്ക്കിടെ ആഹാരം കൊടുക്കണമായിരുന്നു. പുലർച്ചെ പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ സഹികെട്ട് വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നാണ് വെസ്ലിയുടെ അവകാശവാദം. എന്നാൽ, കുഞ്ഞിനെ കാണാതായി അഞ്ചു മണിക്കൂറിനു ശേഷമാണ് വെസ്ലി പോലീസിൽ റിപ്പോർട്ട് ചെയ്തത്.