ആകാശമിഠായി പരാജയപ്പെടാന്‍ കാരണം പ്രേക്ഷകര്‍ തിയറ്ററില്‍ കയറാത്തതെന്ന് കാളിദാസ്, പൂമരത്തിനും ഈ ഗതി വരുമോയെന്ന് ആരാധകര്‍, ജയറാം ചിത്രത്തിന്റെ പരാജയത്തിലെ തുടര്‍ ചര്‍ച്ചകള്‍ ഇങ്ങനെ

ജയറാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആകാശമിഠായി. തമിഴില്‍ സൂപ്പര്‍ഹിറ്റായ അപ്പാ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പായിരുന്നു സമുദ്രക്കനിയും പത്മകുമാറും അണിയിച്ചൊരുക്കിയ ഈ കുട്ടികളുടെ ചിത്രം. എന്നാല്‍ മലയാളികള്‍ തിയറ്ററിലേക്ക് കയറാന്‍ മടിച്ചതോടെ ചിത്രം മൂക്കുംകുത്തി വീണു. ഇതിനിടെയാണ് ആകാശമിഠായി പരാജയപ്പെട്ടതില്‍ മനംനൊന്ത് ജയറാമിന്റെ പുത്രന്‍ കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കാളിദാസ് പറയുന്നതിങ്ങനെ-

ഈ ചിത്രത്തിന് അപ്പയ്ക്ക് എത്രത്തോളം പ്രതീക്ഷ ഉണ്ടായിരുന്നെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലെ ലളിതമായതും നല്ലൊരു ചിത്രവുമായ ഇതിലൂടെ തിരിച്ചുവരവും അദ്ദേഹം പ്രതീക്ഷിച്ചതാണ്. എന്നാല്‍ പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ട് മാത്രം തിയേറ്ററില്‍ പ്രേക്ഷകരില്ല. കണ്ടവര്‍ക്കൊക്കെ ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ട്. ഞാനും ചിത്രം കണ്ടു, എനിക്കും നന്നായി ഇഷ്ടപ്പെട്ടു’, കാളിദാസ് വ്യക്തമാക്കി.

‘ആകാശമിഠായി എല്ലാവരും കാണണം എന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. ഇതുപോലെ ഉളള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം. പബ്ലിസിറ്റിയുടെ കുറവ് കൊണ്ട് മാത്രം ലളിതമായ ഇത്തരം ചിത്രങ്ങളെ മരിക്കാന്‍ അനുവദിക്കരുത്. വലിയ ചിത്രങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ചെറിയ ചിത്രങ്ങളെന്നും ഓര്‍മിക്കണം. അര്‍ഹിച്ച അംഗീകാരം കിട്ടുന്ന ചിത്രമാകും ഇതെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്- കാളിദാസ് പറയുന്നു.

ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. പലരും കാളിദാസിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. പടം നല്ലതാണെങ്കില്‍ പോയി കാണുമെന്നും എന്തെങ്കിലും കാട്ടിക്കൂട്ടിയത് കാണാന്‍ എന്നെ കിട്ടില്ലെന്ന് ഒരാള്‍ കുറിച്ചു. കണ്ട മോശം ചിത്രങ്ങളിലെല്ലാം അഭിനയിച്ചതിന്റെ കുഴപ്പമാണ് ജയറാം ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് മറ്റൊരാള്‍ പറയുന്നു. അതേസമയം കാളിദാസ് നായകനായെത്തുന്ന ആദ്യ ചിത്രമായ പൂമരം പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൂമരം റിലീസ് ചെയ്താല്‍ ഇതേ പോലെ പോസ്റ്റ് ഇടേണ്ടി വരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Related posts