കൊല്ലം: സ്കൂൾ കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ. രക്തസമ്മർദം കുറവായതിനാലാണ് മറ്റ് ആശുപത്രി നിർദേശിക്കാതിരുന്നതെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ, കുട്ടിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്നും, വിശദമായ സ്കാനിംഗ് നടത്തിയില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
ആലാട്ടുകാവ് കെ. പി. ഹൗസിൽ പ്രസന്നകുമാറിന്റെ മകൾ ഗൗരി തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്നു വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.