ഒറ്റപ്പാലം: സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ജനമൈത്രി സുരക്ഷാ പോലീസ് പദ്ധതി നടപ്പാക്കിയ ഒറ്റപ്പാലത്ത് പദ്ധതി പരാജയപ്പെടാൻ മുഖ്യകാരണം ഉദ്യോഗസ്ഥരുടെ കുറവും മേലധികാരികളുടെ നിസഹകരണവും. പദ്ധതിയുടെ ഭാഗമായി വാങ്ങിക്കൂട്ടിയ രണ്ടു ഡസനിലധികം വരുന്ന ഇരുചക്രവാഹനങ്ങൾ നശിച്ചു. പദ്ധതി അകാലമൃത്യു വരിച്ചെങ്കിലും ഇതിനെ ഉയർത്തെഴുന്നേല്പിക്കാൻ സമീപകാലത്ത് ചില നീക്കം നടന്നുവരുന്നുണ്ട്. 2008 മാർച്ച് അവസാനമാണ് ഒറ്റപ്പാലം നഗരസഭാ പ്രദേശത്ത് ജനമൈത്രിപോലീസ് പദ്ധതി തുടങ്ങിയത്.
കുറ്റകൃത്യങ്ങൾ തടയുക, പൊതുജന സഹകരണം മെച്ചപ്പെടുത്തുക, സുരക്ഷാമേഖലയിൽ ജനങ്ങളെ സഹകരിപ്പിക്കുക, സമൂഹത്തിൽ പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കി പോലീസിനെ ജനകീയമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജനമൈത്രിപോലീസ് പദ്ധതി തുടങ്ങിയത്.എന്നാൽ ഉദ്യോഗസ്ഥരുടെ കുറവും പദ്ധതിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ മറ്റു ജോലികളിലേക്ക് നിയോഗിച്ചതും സ്ഥലംമാറ്റം നല്കി മാറ്റിയതുമെല്ലാം പദ്ധതിക്ക് തിരിച്ചടിയായി.
പുതിയതായി ചുമതലയേറ്റ ഉദ്യോഗസ്ഥർ ആരുംതന്നെ പദ്ധതിയെ കാര്യഗൗരവത്തോടെ സമീപിക്കാനും തയാറായില്ല. ഉദ്യോഗസ്ഥരുടെ വൻതോതിലുള്ള കുറവും മേലുദ്യോഗസ്ഥന്മാരുടെ താത്പര്യക്കുറവും പദ്ധതിക്ക് തിരിച്ചടിയായി.
പരാതികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ജനങ്ങൾക്കരികിലേക്ക് എത്താൻ തുടങ്ങിയത് പുതിയ അനുഭവമായാണ് വിലയിരുത്തപ്പെട്ടത്. നഗരസഭാപ്രദേശത്തെ 15 ബീറ്റുകളാക്കി വേർതിരിച്ചായിരുന്നു പ്രവർത്തനം.
ഇതിനു വാഹനസൗകര്യങ്ങളും ലഭ്യമായി. പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും പോലീസിനെ വിശ്വസിച്ച് ജനങ്ങൾക്കു പറയാനും സൂചന നല്കാനും നാട്ടുകാർ മുന്നോട്ടുവന്നു. വ്യാജമദ്യവില്പന, മണലൂറ്റ്, ചീട്ടുകളി, കഞ്ചാവുവില്പന തുടങ്ങി വിവിധ കാര്യങ്ങൾക്കെല്ലാം ജനങ്ങൾ പോലീസിനെ വിശ്വസിച്ച് വിവരം കൈമാറാൻ പദ്ധതിമൂലം കഴിഞ്ഞു.
കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് നടത്തിയ കൗണ്സിലിംഗും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. എന്നാൽ പിന്നീട് കണ്ടത് ജനമൈത്രി പോലീസ് പദ്ധതി തകരാറിലായി പദ്ധതിക്ക് പൂർണമായും തടസം നേരിട്ടു. ജനമൈത്രി സമിതി പേരിനു മാത്രമായി. ബോധവത്കരണ പരിപാടികൾപോലും കടലാസിലൊതുങ്ങി.
ജനമൈത്രികേന്ദ്രമെന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇരുനില കെട്ടിടം 19-ാം മൈലിൽ നോക്കുകുത്തിയായി. മറ്റു ജോലികളിൽ വ്യാപൃതരാകുന്നതോടൊപ്പം ജനമൈത്രി പോലീസ് പദ്ധതികൂടി കൊണ്ടുനടക്കാൻ പോലീസുകാർക്ക് താത്പര്യമില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി. ജനമൈത്രി പോലീസ് പദ്ധതിക്ക് ഫണ്ടുകളൊന്നും സർക്കാർ അനുവദിക്കാത്തതും മുഖ്യപ്രശ്നമായി.