വീടുവിട്ട് നാടുചുറ്റാനിറങ്ങിയ പതിനാറുകാരന്‍ അഞ്ചു ദിവസത്തിനു ശേഷം കോട്ടയത്ത് റെയില്‍വേ പോലീസിന്റെ പിടിയിലായി. കട്ടപ്പന കാഞ്ചിയാറില്‍നിന്നു കാണാതായ പതിനാറുകാരന്‍ ഗോവയും തിരുവനന്തപുരവും ചുറ്റിയ ശേഷം കോട്ടയത്ത് എത്തിയപ്പോഴാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി പത്തരയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പോലീസ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടുചുറ്റല്‍ കഥയുടെ ചുരുളഴിഞ്ഞത്. കഴിഞ്ഞ 17ന് വീടുവിട്ടിറങ്ങിയ പയ്യന്‍ ഗോവ, പനവേല്‍ എന്നിവിടങ്ങളില്‍ ചുറ്റിയടിച്ച ശേഷമാണ് കോട്ടയത്ത് എത്തിയത്. റെയില്‍വേ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം പറഞ്ഞത് സൗത്ത് ഇന്ത്യന്‍ കബഡി മത്സരത്തിനായി പോയതാണെന്ന്.
കബഡി കളിക്കാന്‍ പോകുന്‌പോള്‍ ഉപയോഗിക്കുന്ന ജഴ്‌സിയും മറ്റും എവിടെയെന്ന് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ മാറ്റി പറയാന്‍ തുടങ്ങി. തുടര്‍ന്ന് കുട്ടിയെ റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇയാളുടെ വീട്ടിലെ ഫോണ്‍ നന്പര്‍ വാങ്ങി വിളിച്ചപ്പോഴാണ് ഒരാഴ്ചയായി കാണാനില്ലെന്ന വിവരം ലഭിച്ചത്. പിന്നീട് കട്ടപ്പന പോലീസില്‍ വിവരമറിയിച്ചു.
രാത്രി ഒന്നരയോടെ കട്ടപ്പന പോലീസും ബന്ധുക്കളും എത്തി കൂട്ടിക്കൊണ്ടു പോയി. കാണാതായപ്പോള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലക്കും ഫോട്ടോ അടക്കമുള്ള അറിയിപ്പുകള്‍ നല്‍കിയിരുന്നു. ഒരാഴ്ചയായിട്ടും വിദ്യാര്‍ഥിയെ കണ്ടുകിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് തയാറെടുക്കുന്‌പോഴാണ് ആളെ കിട്ടിയ വാര്‍ത്തയെത്തിയത്.