കേരളത്തില്‍ നിന്നു മാത്രം പിടികൂടിയത് 20 കോടിയുടെ അസാധു നോട്ടുകള്‍, ഈ നേട്ടുകള്‍ കൊണ്ടുപോകുന്നത് സെക്യൂരിറ്റി ത്രെഡ് എടുക്കാനോ? ഇടപാടുകാര്‍ക്ക് ലഭിക്കുന്നത് ഒരുകോടിക്ക് 20 ലക്ഷം മാത്രം

റെനീഷ് മാത്യു

1000, 500 രൂപയുടെ നോട്ടുകളുടെ നിരോധനത്തിനു ശേഷം സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 20 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍. അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിലവില്‍ ഒരു സാധ്യതയുമില്ലെന്നിരിക്കെ അവ വന്‍തോതില്‍ കടത്തുന്നതിന്റെ ഉദ്ദേശ്യം തിരിച്ചറിയാനാവാതെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബന്ധപ്പെട്ട ഏജന്‍സികളും ഇരുട്ടില്‍ തപ്പുന്നു. റദ്ദാക്കിയ നോട്ടുകളുടെ വന്‍ശേഖരവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റ സംഘങ്ങള്‍ പിടിയിലാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നോട്ടുകള്‍ എവിടെ നിന്നു വരുന്നു, എങ്ങോട്ട് പോകുന്നു, എന്തു ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ബന്ധപ്പെട്ടവര്‍. അസാധുനോട്ടുകളുമായി പിടിയിലാകുന്നവരെ ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

പ്രതികള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. 2017 നവംബര്‍ എട്ടിനാണ് 1000, 500 രൂപയുടെ കറന്‍സികള്‍ രാജ്യത്ത് റദ്ദാക്കിയത്. കേരളത്തില്‍ എല്ലാ ആഴ്ചയും വന്‍തോതിലുള്ള അസാധു നോട്ടുകള്‍ പിടികൂടുന്നുണ്ട്. രൂപ കടത്തുന്നവര്‍ക്ക് ഇത് എന്തിനാണ് കടത്തുന്നതെന്ന് യാതൊരു അറിവും ഇല്ലെന്നാണ് അന്വേഷണസംഘങ്ങള്‍ക്ക് ലഭിക്കുന്ന വിവരം. ഓഗസ്റ്റ് 18 ന് കായംകുളത്ത് വച്ചാണ് കേരളത്തിലെ ഏറ്റവും വലിയ അസാധു നോട്ടുകളുടെ വേട്ട നടന്നത്. പത്തുകോടി രൂപയുടെ 1000, 500 രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. പാലക്കാട് നിന്നും കായംകുളത്തേക്ക് വന്ന ഒരു സംഘമാണ് പിടിയിലായത്. സംഭവത്തെകുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ നോട്ട് കൈമാറ്റ സംഘങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളിലേക്കു കടന്നിട്ടില്ല.

അസാധുനോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന സംഘങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് സജീവമാണെന്നാണ് കായംകുളം സംഭവത്തെ തുടര്‍ന്ന് പുറത്തുവന്ന വിവരം. എന്നാല്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാന്‍ അധികൃതര്‍ തയാറായില്ല. റിസര്‍വ് ബാങ്ക്, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവയുടെ ഇടപെടലിനായി കാക്കുകയാണ് സംസ്ഥാന പോലീസ്.ഏറ്റവും ഒടുവിലായി 20 ലക്ഷം രൂപയുടെ അസാധുനോട്ടുകളുമായി ഒരു സംഘം കണ്ണൂരില്‍ അറസ്റ്റിലായിരുന്നു. ഒരു കോടി രൂപയുടെ അസാധുനോട്ടുമായി എത്തിയ മറ്റൊരു സംഘം രക്ഷപ്പെട്ടിരുന്നു. അസാധുവാക്കിയ ഒരു കോടി രൂപയുടെ നോട്ടുകള്‍ മാറുമ്പോള്‍ ഉടമസ്ഥന് നല്കുന്നത് 20 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ മാത്രമാണ്.

ഇതില്‍ അഞ്ചുലക്ഷം രൂപ നോട്ടുകള്‍ മാറാന്‍ സഹായിക്കുന്ന ഏജന്റിനാണ്. ബാക്കി 15 ലക്ഷം രൂപ മാത്രമാണ് ഉടമസ്ഥന് ലഭിക്കുന്നത്. റദ്ദാക്കപ്പെട്ട നോട്ടുകള്‍ നിയമപ്രകാരം മാറ്റിയെടുക്കാനുള്ള കാലാവധിക്കകം വെളുപ്പിക്കാന്‍ കഴിയാതെ പോയതും അവിഹിതമാര്‍ഗങ്ങളിലൂടെ എത്തിപ്പെട്ടതുമായ പണമാണ് കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിടിയിലാകുന്നതെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. പിടിയിലാകുന്നവര്‍ ഇടനിലക്കാര്‍ മാത്രമാണ്. അതേ സമയം ഈ നോട്ടുകളൊന്നും നിലവില്‍ മൂല്യമുള്ള നോട്ടുകളായി നിയമപ്രകാരം മാറ്റിയെടുക്കാന്‍ കഴിയില്ലെന്നിരിക്കെ ഭീമമായ തുകയ്ക്കുള്ള ഇവയുടെ കൈമാറ്റത്തിനു പിന്നിലെ രഹസ്യമെന്ത് എന്നിടത്തേക്ക് ഗൗരവതരമായ അന്വേഷണം എത്തേണ്ടതുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

വ്യാജ നോട്ട് നിര്‍മാണ സംഘങ്ങളുടെയും ദേശവിരുദ്ധ ശക്തികളുടെയും സാന്നിധ്യം അസാധുനോട്ട് കടത്തലിനു പിന്നിലുണ്ടാകാമെന്നും അവര്‍ വിലയിരുത്തുന്നു. നിരോധിത നോട്ടുകളുടെ സെക്യൂരിറ്റി ത്രെഡ് എടുത്ത് വ്യാജനോട്ടുകള്‍ നിര്‍മിക്കുകയാവാം അത്തരം സംഘങ്ങളുടെ ഉദ്ദേശ്യമെന്നുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. അന്തര്‍ സംസ്ഥാന സംഘങ്ങളാണ് നോട്ട് കടത്തലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

Related posts