കോട്ടയം: മലയാള സിനിമയുടെ ഏക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകൻ ഐ.വി. ശശിയുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു കോട്ടയം. ആൾക്കൂട്ടത്തിൽ തനിയെ, നാണയം, കാണാമറയത്ത്, ഇനിയും പുഴ ഒഴുകും, വർണപ്പകിട്ട് തുടങ്ങിയ സിനിമകൾക്ക് കോട്ടയത്തിന്റെ പല ഭാഗങ്ങളായിരുന്നു അദ്ദേഹം ലൊക്കേഷനായി തെരഞ്ഞെടുത്തിരുന്നത്. മമ്മൂട്ടി, ശോഭന, റഹ്മാൻ, സീമ തുടങ്ങിയവർ അഭിനയിച്ച കാണാമറയത്തിനും കോട്ടയമായിരുന്നു ലോക്കേഷൻ.
അനോഖാ രിസ്ത എന്ന പേരിൽ കാണാമറയത്ത് ഹിന്ദിയിലെത്തിയപ്പോൾ കോടിമത ബോട്ടുജെട്ടിയും ബോട്ടുകളുമെല്ലാം ചിത്രീകരിച്ചു. രജേഷ് ഖന്നയും, സ്മിതാ പാട്ടീലും ഇവിടെ അഭിനയിക്കാനെത്തി. സെഞ്ചുറി ഫിലിംസായിരുന്നു രണ്ടു ഭാഷകളിലും നിർമാണം.
മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങി നീണ്ട താരനിരയുടെ എക്കാലത്തെയും ഹിറ്റായ ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിനും കോട്ടയം ലൊക്കേഷനായി. പേരൂരും, കട്ടച്ചിറയുമായിരുന്നു ലൊക്കേഷൻ. മോഹൻലാലിനെ നായകനാക്കിയ വർണപ്പകിട്ടിനു അയ്മനം, കുമ്മനം എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തത്.
പ്രമുഖ താര നിരയുമായി സംവിധാനം ചെയ്ത കരിന്പിൻപൂവിനക്കരെ ഷൂട്ടിംഗ് വന്നപ്പോഴും കോട്ടയത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. സൂപ്പർതാരങ്ങളെ ഒരേ സിനിമകളിൽ അഭിനയിപ്പിച്ച് ആളുകളുടെ കൈയടി നേടിക്കൊണ്ടിരന്ന സുവർണ കാലഘട്ടമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു നിര സൂപ്പർ താരങ്ങളെ മലയാളസിനിമയ്ക്ക് സമ്മാനിച്ചതും അദ്ദേഹത്തിന്റെ കലാ വൈഭവമായിരുന്നു.
ശശിയുടെ സഹസംവിധായകനായി റഷീദ്
കോട്ടയ: ഐ.വി. ശശി ഓർമകളുമായി കാരാപ്പുഴ സ്വദേശി റഷീദും. ഐ.വി. ശശിയുടെ 25ൽപ്പരം സിനിമകളിൽ സഹസംവിധായിരുന്നു. കാലങ്ങളുടെ അടുപ്പമാണ് ഇരുവരും തമ്മിലുള്ളത്. സഹോദരൻ ഷാഹുൽ കാരാപ്പുഴയാണ് ഐ.വി. ശശിയെ പരിചയപ്പെടാൻ റഷീദിനു വഴിയൊരുക്കിയത്. പിന്നീട് അദ്ദേഹത്തോടൊപ്പം നിരവധി സെറ്റുകളിലേക്ക് ഓട്ടപ്പാച്ചിലായിരുന്നു. ആലപ്പി ഷരീഫിന്റെ രചനയിൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ എന്ന ഹിറ്റ് സിനിമയിലും പങ്കാളിയായി. രണ്ടു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ സിനിമയിൽനിന്ന് മാറിനിൽക്കുകയാണ് റഷീദ്.