കൊടുവായൂർ: തണ്ണീർപന്തൽ മരങ്ങളിൽ ചെറിയ മണ്‍പാത്രത്തിൽ വെള്ളം ശേഖരിച്ച് പക്ഷികളെ ക്ഷണിച്ച് സ്കൂൾ വിദ്യാർഥികൾ. കൊടുവായൂർ സത്യസായി ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ വിദ്യാർഥികളാണ് പറവകൾക്കു കുടിക്കാനും കുളിക്കാനും ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഇതിനു പുറമേ വിദ്യാർഥികൾ ശലഭങ്ങൾക്കായി ജൈവപാർക്കും ഒരുക്കി. പാർക്കിൽ കൃഷ്ണകിരീടം, സുഗന്ധമോഹിനി, തെച്ചി, ചെന്പരത്തി, തുളസി എന്നിവയെല്ലാം സുലഭമാണ്. പ്രകൃതിയിൽനിന്നും അകന്നുപോകുന്ന ഇന്നത്തെ തലമുറയെ പ്രകൃതിയിലേക്ക് മടങ്ങാനും ഇണങ്ങാനും പഠിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് പ്രധാനാധ്യാപിക ദീപ ജയപ്രകാശ് പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഈ സംരംഭത്തിനു തുടക്കമായത്.