ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന ആരോപണവുമായി ബന്ധപ്പെട്ടു ഫയൽ കാണാതായ സംഭവം ചർച്ച ചെയ്യുന്നതിന് ഇന്നലെ ഉച്ചകഴിഞ്ഞു ചേർന്ന ആലപ്പുഴ നഗരസഭയുടെ അടിയന്തര കൗണ്‍സിലിൽ സംഘർഷം. പരിക്കേറ്റ ചെയർമാൻ തോമസ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയൽ കാണാതായ സംഭവത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരേയുള്ള നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മറ്റു ജീവനക്കാർ ദിവസങ്ങളോളം പണിമുടക്കി സമരം ചെയ്തിരുന്നു.
എന്നാൽ, സമരം ചെയ്ത ജീവനക്കാർക്ക് സമരം ചെയ്ത കാലയളവിലെ ശന്പളം നല്കരുതെന്നു ചെയർമാൻ നഗരസഭാ സെക്രട്ടറിക്കു നിർദേശം നല്കി. എന്നാൽ, ചെയർമാന്റെ അനുമതിയില്ലാതെ നഗരസഭാ സെക്രട്ടറി ശന്പളം നൽകി. സെക്രട്ടറിയുടെ ഈ നടപടിക്കെതിരേ തുടർനടപടി സ്വീകരിക്കുന്നതിനായിരുന്നു ഇന്നലെ അടിയന്തര കൗണ്‍സിൽ വിളിച്ചുകൂട്ടിയത്.
തുടക്കം മുതലേ കലുഷിതമായിരുന്ന കൗണ്‍സിൽ യോഗത്തിൽ ഭരണപക്ഷത്തെ ഒരംഗം സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം കൗണ്‍സിൽ തടസപ്പെടുത്തുകയും ചെയർമാനുനേരേ ചായ ഗ്ലാസ് എറിയുകയും ചെയ്തു. പ്രതിപക്ഷ വനിതാ അംഗങ്ങൾ ചെയർമാനെ ഡയസിൽ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചു.
ബഹളത്തിനിടയിൽ ശന്പളം നൽകാൻ അനുമതി നൽകിയ നഗരസഭാ സെക്രട്ടറി യു.ബി. സതീശനെതിരേ നടപടിയെടുക്കാൻ സർക്കാരിന് ശിപാർശ ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. ഇതോടെ രംഗം കൂടുതൽ വഷളായി.
ഉന്തിലും തള്ളിലും പ്രതിപക്ഷ- ഭരണപക്ഷ അംഗങ്ങളിൽ പലരും താഴെ വീണു. ഇരു വിഭാഗവും കസേരകൾ എടുത്തെറിയുകയും ഫയലുകൾ വലിച്ചു കീറുകയും ചെയ്തു. ഹാളിനു പുറത്തിറങ്ങാൻ ശ്രമിച്ച ചെയർമാനെ പ്രതിപക്ഷം വാതിൽ അടച്ചു നിലത്തു കിടന്നു തടസം സൃഷ്ടിച്ചു. ഭരണപക്ഷ അംഗങ്ങൾ ചെയർമാനെ പുറത്തിറങ്ങാൻ സഹായിക്കുന്നതിനിടെ പ്രതിപക്ഷഅംഗം എൻ.ജെ. പ്രവീണ്‍ ചെയർമാന്റെ മുണ്ട് ഉരിഞ്ഞെടുത്തു. സംഘർഷം നിയന്ത്രണാതീതമായതിനെത്തുടർന്ന് സൗത്ത് എസ്ഐ കെ.എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.