കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ ആറു പേരിൽ നിന്നായി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ്റു ചെയ്ത യുവതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്കു താമസിക്കുന്ന മൂവാറ്റുപുഴ മാറാടി രാമമംഗലം സ്വദേശിനി കുരിയപ്പനാൽ സുറുമി ഷെരീഫി (29)നെയാണു കോട്ടയം വെസ്റ്റ് എസഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പോലീസ് ഇന്നോ നാളെയോ കോടതിയിൽ സമർപ്പിക്കും. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചു നല്കുന്ന തുകയുടെ ഇരട്ടിയായ തിരികെ നല്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു സുറുമി പ്രദേശവാസികളായ ആറു പേരിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തത്. സുറുമിയുടെ ഭർത്താവ് ഷെരീഫ് വിദേശത്താണ്. ഇവർ മുന്പു താമസിച്ചിരുന്ന കാസർകോഡും സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയിരുന്നു.
അവിടെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ സുറുമിയും ഭർത്താവ് ഷെരിഫും പ്രതികളാണ്. അവിടെ തട്ടിപ്പ് നടത്തിയശേഷം ഇവർ മുങ്ങിയതാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഭർത്താവ് ഗൾഫിലാണെന്ന് സുറുമിയുടെ മൊഴി പോലീസ് ആദ്യം വിശ്വാസത്തിലെടുത്തിരുന്നില്ല. പീന്നിട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗൾഫിൽ തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
സുറുമി തനിച്ച് 25 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നു പോലീസ് വിശ്വസിക്കുന്നില്ല. ഇവർക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്നാണു പോലീസ് കരുതുന്നത്. ഇക്കാര്യങ്ങളിലെല്ലാം സ്ഥിരീകരണം ലഭിക്കുന്നതിനാണു സുറുമിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. പലരിൽ നിന്നും വാങ്ങിയ തുക എന്തു ചെയ്തുവെന്ന കാര്യത്തിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അതേസമയം ഗൾഫിൽ കഴിയുന്ന ഷെരീഫിനു ഹവാല ബന്ധമുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.