ലോസ് ആഞ്ചലസ്: മുൻ യു.എസ്. പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു ബുഷിനുനേരേ വീണ്ടും ലൈംഗികാരോപണം. ന്യുയോർക്ക് സ്വദേശിയായ നടി ജോർദാന ഗ്രോൾനിക്കാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബുഷിന്റെ ചെയ്തികളെക്കുറിച്ചുള്ള ഹെതർ ലിൻഡിന്റെ പ്രസ്താവന എനിക്ക് പലരും അയച്ചുതന്നു. എനിക്കും സമാനമായ അനുഭവം ബുഷിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്- ജോർദാൻ പറഞ്ഞു.
ജോർദാന്റെ സംഭവത്തിൽ ജോർജ് എച്ച്. ഡബ്ല്യു ബുഷിന്റെ ഒാഫീസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽമാപ്പു പറയുന്നു. വീൽ ചെയറിലിരിക്കുന്ന ബുഷിന്റെ കൈ അറിയാതെ ശരീരത്തിൽ സ്പർശിച്ചിതാണെന്നാണ് വിശദീകരണം. ഹോളിവുഡ് താരം ഹെതർ ലിൻഡ് കഴിഞ്ഞ ദിവസം ബുഷിനുനേരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരുന്നു. ഹെതറിന്റെ ആരോപണം വിവാദമായതിനെത്തുടർന്ന് ക്ഷമാപണവുമായി ബുഷ് രംഗത്തെത്തിയിരുന്നു. തമാശയ്ക്കായി ചെയ്ത കാര്യം ഹെതറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് ബുഷിന്റെ വക്താവ് അറിയിച്ചിരുന്നു.
സിനിമകാണുന്നതിനിടെ വീൽചെയറിലിരുന്ന 93കാരനായ ബുഷ് തന്നെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചുവെന്നാണ് ഹെതറിന്റെ ആരോപണം. സാമൂഹികമാധ്യമമായ ’ഇൻസ്റ്റഗ്രാമി’ലൂടെയാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയും ബുഷും ഒന്നിച്ചുള്ള ചിത്രം തന്നെ അസ്വസ്ഥയാക്കുന്നുവെന്ന മുഖവുരയോടെയാണ് ഹെതറിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
“മുൻ പ്രസിഡന്റുമാരെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, ഈ ചിത്രത്തിൽ ജോർജ് എച്ച്. ഡബ്ല്യു ബുഷിനെ കാണുന്പോൾ ഞാൻ അസ്വസ്ഥയാകുന്നു. കാരണം, നാലുവർഷംമുന്പ് ഞാൻ അഭിനയിച്ച ടെലിവിഷൻ ഷോയുടെ പ്രചാരണപരിപാടിയുടെ ഫോട്ടോഷൂട്ടിനിടെ ബുഷിനെ കാണാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം എന്നെ ലൈംഗികമായി ആക്രമിച്ചു. ഇതുപോലുള്ള ഒരു ഫോട്ടോയ്ക്ക് പോസുചെയ്യുന്നതിനിടെയായിരുന്നു ആക്രമണം’ ഹെതർ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
വീൽചെയറിലിരുന്നുകൊണ്ട് തന്റെ പിറകിൽ തൊട്ടു. ആ സമയത്ത് ബുഷിന്റെ ഭാര്യ ബാർബറ ബുഷും സമീപത്തുണ്ടായിരുന്നു. പിന്നീട് അശ്ലീല തമാശപറഞ്ഞ അയാൾ ഫോട്ടോയ്ക്ക് പോസുചെയ്യുന്നതിനിടെ വീണ്ടും പിന്നിൽ സ്പർശിക്കുകയായിരുന്നു. ഇതുകണ്ട ബാർബറ അദ്ദേഹത്തിനുനേരേ കണ്ണുരുട്ടിയതായും ഹെതറിന്റെ പോസ്റ്റിൽ പറയുന്നു. 2014ൽ ഹെതർ അഭിനയിച്ച ടെലിവിഷൻ പരിപാടിയുടെ ഫോട്ടോഷൂട്ടിനിടെയാണ് സംഭവം നടക്കുന്നത്. പോസ്റ്റിട്ടത് ബുഷിന്റെ വിസ്രമ ജീവിതം തകർക്കാനില്ലെന്നും അവർ പറയുന്നു. സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ച് ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫർ കെവിനും രംഗത്ത് എത്തിയിരുന്നു.