കൊച്ചി: രാത്രി ജോലി കഴിഞ്ഞു ഇരുചക്രവാഹനങ്ങളിൽ മടങ്ങുന്ന യാത്രക്കാർ അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുന്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കിട്ടുക എട്ടിന്റെ പണിയാകും. വീട്ടിലെത്തി കീശ തപ്പുന്പോഴാവും ചെയ്ത ഉപകാരത്തിനു ലഭിച്ച ‘പ്രത്യുപകാരം’ അറിയുന്നത്. തന്റെ പിന്നിലിരുന്നത് മോഷ്ടാവായിരുന്നല്ലോ എന്നോർത്ത് സ്വയം പഴിക്കാൻ മാത്രമേ പിന്നേ കഴിയൂ.
കൊച്ചി നഗരത്തിൽ ഇത്തരത്തിൽ ലിഫ്റ്റ് ചോദിച്ചു പോക്കറ്റടിക്കുന്ന സംഘം അടുത്തകാലത്തായി സജീവമായിട്ടുണ്ട്. രാത്രി പത്തിനു ശേഷം നഗരത്തിൽ ബസുകൾ ഇല്ലാത്തതിനാൽ ഈ സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കൾ ബൈക്ക് യാത്രക്കാരെ കൈകാണിച്ച് നിർത്തി പിന്നിൽ കയറിക്കൂടുന്നത്. സംസാരത്തിനിടെ പോക്കറ്റടിച്ചശേഷം എന്തെങ്കിലും കാരണം പറഞ്ഞ് ഉടൻ ഇറങ്ങി മുങ്ങുകയാണ് ഇവരുടെ രീതി. രാത്രി സമയത്തു ബൈക്ക് യാത്രക്കാരാണു മോഷണത്തിനിരയാകുന്നതെങ്കിൽ പകൽസമയങ്ങളിൽ ബസ് യാത്രികരാണ് മോഷ്ടാക്കളുടെ ഇര.
രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘം തിരക്കുള്ള ബസുകളിൽ കയറിയാണ് മോഷണം നടത്താറ്. സംശയം തോന്നാതിരിക്കാൻ മാന്യമായി വേഷം ധരിച്ചാവും ഇവരെത്തുക. വാതിൽപ്പടികൾക്കരികിൽ നില ഉറപ്പിക്കുന്ന മോഷ്ടാക്കൾ യാത്രക്കാർ ഇറങ്ങുന്പോൾ അവർ അറിയാതെ പോക്കറ്റിൽ നിന്ന് പേഴ്സും പണവും മൊബൈൽ ഫോണുമൊക്കെ ഞൊടിയിടകൊണ്ട് അടിച്ചുമാറ്റും. ഉടൻതന്നെ അടുത്ത ആൾക്ക് കൈമാറുകയും ചെയ്യും. മോഷണത്തിന് ഇരയാകുന്നവർ വിവരം വൈകിയോ അറിയുകയുള്ളൂ.
അപ്പോഴേക്കും ബസ് പോയിട്ടുണ്ടാകും. സ്ത്രീകളും കുട്ടികളും വരെ പോക്കറ്റടി സംഘത്തിലുണ്ട്. തിരക്കിട്ട് ബസുകളിൽ കയറാൻ ശ്രമിക്കുന്നവർക്കും ഇത്തരം അനുഭവം ഉണ്ടാകാറുണ്ട്. ബസിൽ തിക്കി തിരക്കി കയറുന്നവർക്കൊപ്പം പോക്കറ്റടിക്കാരനും ചേരും. ബസിനുള്ളിൽ യാത്രക്കാർ കയറുന്നതുവരെ മോഷ്ടാക്കൾ തിരക്കു കൂട്ടും. പോക്കറ്റടിക്കുശേഷം ബസിൽ കയറാതെ ഇവർ മറ്റ് സ്ഥലങ്ങളിലേക്കു മുങ്ങും. ടിക്കറ്റ് എടുക്കാൻ നേരത്താകും പലരും പോക്കറ്റടിച്ച വിവരം അറിയുക.
അപ്പോഴേക്കും മോഷ്ടാക്കൾ സ്ഥലം വിട്ടിട്ടുണ്ടാകും. മോഷണം തടയുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നൊക്കെ പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം ചെറു മോഷണങ്ങൾ തടയാൻ ആകുന്നില്ലെന്നാണ് യാഥാർഥ്യം. കേസിനു പോയാൽ സമയവും പണനഷ്ടവും ഓർത്ത് അധികമാരും പരാതി നൽകാറില്ല. പരാതി നൽകിയവർക്കാകട്ടെ പണമോ പേഴ്സോ തിരിച്ചുകിട്ടിയ അനുഭവവുമില്ല.