എം.വി. വസന്ത്
പാലക്കാട്: ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെയെന്ന ചൊല്ലിന് ഇവിടെ യുക്തിയില്ല. കൊന്നതും കൊന്നുചാകുന്നതും കൊത്തുകോഴികൾ തന്നെ. അതെ, ഇക്കൂട്ടരാണ് ശണ്ടക്കോഴികൾ. ശണ്ട(പോര്)യിടുന്നതു കോഴികൾ തമ്മിലാണെങ്കിലും ലഹരി മുഴുവൻ അതിനെ പരസ്പരം പോരടിപ്പിക്കുന്ന മനുഷ്യർക്കാണ്. അങ്കം തോറ്റാലും ജയിച്ചാലും കറിച്ചട്ടിയോളം മാത്രമെത്തുന്ന കോഴിജീവിതത്തിനിടയിൽ നുരഞ്ഞുപൊങ്ങുന്നതു പോരടിപ്പിക്കുന്ന മനുഷ്യന്റെ മദ്യലഹരിയും ചൂതാട്ടവുമാണ്.
ജില്ലയുടെ കിഴക്കൻ മേഖല കോഴിയങ്കത്തിനു കുപ്രസിദ്ധമാണ്. കാലങ്ങളായി തുടർന്നുവരുന്ന കോഴിയങ്കത്തിനു തടയിടാൻ അധികൃതർക്കു കഴിയുന്നുമില്ല. ഇത്തവണ ദീപാവലി പ്രമാണിച്ച് ഒരുമാസം മുന്പുതുടങ്ങിയ കോഴിയങ്കങ്ങൾ പലയിടത്തും അവസാനിച്ചിട്ടില്ല. തമിഴ്നാട് അതിർത്തിഗ്രാമങ്ങളിലെ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ചാണ് കോഴിയങ്കങ്ങൾ പുരോഗമിക്കുന്നത്. വേലന്താവളം, നടുപ്പുണി, ആർ.വി. പുതൂർ, ഗോപാലപുരം, മീനാക്ഷിപുരം, എരുത്തേന്പതി മേഖലകളിൽ ഒളിഞ്ഞും തെളിഞ്ഞും കോഴിയങ്കം നടത്തുന്നവരുണ്ട്.
കോഴിയുടമകൾ തമ്മിലും പന്തയംവയ്ക്കുന്നവർ തമ്മിലും മത്സരം കൊഴുക്കുന്പോൾ മറിയുന്നതു ലക്ഷങ്ങളാണ്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധിയാളുകളാണ് കോഴിയങ്കം കാണാനും പങ്കെടുക്കാനുമായെത്താറുള്ളത്. കോഴിപ്പോരിനിറങ്ങുന്ന, പ്രത്യേക പരിശീലനവും ഭക്ഷണവും മരുന്നും നല്കി വളർത്തുന്ന പൂവൻ കോഴികൾക്കു വില മൂവായിരം മുതൽ മുപ്പതിനായിരം വരെയുണ്ട്.
അതുകൊണ്ടുതന്നെ ജയിക്കുന്ന കോഴിയുടമകൾക്കു ലഭിക്കുക അയ്യായിരം മുതൽ അഞ്ചുലക്ഷം വരെയാകാം. പോരുകഴിഞ്ഞാൽ ഒന്നുറപ്പാണ്. തോറ്റവൻ ചത്തിരിക്കും. പിന്നീട് അവന്റെ യാത്ര തൊട്ടടുത്ത കള്ളുഷാപ്പിലേക്കും. കോഴിയങ്കം കഴിഞ്ഞു വരുന്നവരുടെ അന്നത്തെ ഷാപ്പിലെ സ്പെഷൽ വിഭവം തോറ്റവന്റെ മാംസം തന്നെ. ആവശ്യക്കാർ ഏറെയുള്ളതിനാൽ കൊത്തുകോഴികളെ കൂടുതൽ നേരം ഷാപ്പിൽ പ്രദർശിപ്പിച്ചശേഷമാകും കറിയാക്കുക.
തോറ്റവനും ജയിച്ചവനും ഒന്നിച്ചു കള്ളുമടിച്ചു ഷാപ്പിൽ നിന്നിറങ്ങുന്പോൾ അടുത്ത അങ്കത്തിനുള്ള പുറപ്പാടും കുറിച്ചിട്ടുണ്ടാകും. കാലങ്ങൾക്കുമുന്പ് ജെല്ലിക്കെട്ടുപോലെ വിനോദമായി തുടങ്ങിയ കോഴിയങ്കമാണ് ഇന്നു ലക്ഷങ്ങൾ മറിയുന്ന ചൂതാട്ടമായി അതിർത്തിഗ്രാമങ്ങളെ ചൂഴ്ന്നിരിക്കുന്നത്. പോലീസിനു പിടികൊടുക്കാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് പല തോപ്പുകളിലും പറന്പുകളിലും ഇപ്പോഴും കോഴിയങ്കങ്ങൾ കൊഴുക്കുന്നത്. മുന്നറിയിപ്പു നല്കാനായി പലയിടത്തും കൂലിക്കു കാവൽ നില്ക്കുന്നവരുമുണ്ട്.