സ്വന്തം ചിത്രമല്ലേ അഭിനയിച്ചേ മതിയാവൂ എന്ന് സീമയെക്കൊണ്ടും പറയിച്ചു! ആ രംഗം ടിവിയില്‍ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയി; നാടോടിക്കാറ്റിലെ ഐവി ശശിയെ ഓര്‍മ്മിച്ച് സത്യന്‍ അന്തിക്കാട്

തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കാര്‍ക്കും പെട്ടെന്ന് മറക്കാന്‍ സാധിക്കുന്ന വ്യക്തിത്വമല്ല, ഇക്കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ ഐവി ശശി. തങ്ങളുടെ ഗുരു എന്ന നിലയില്‍ മലയാളത്തിലെ ചില സംവിധായകര്‍ക്ക് പ്രത്യേകിച്ച്. അക്കൂട്ടത്തില്‍ ഒരാളാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഐവി ശശിയുമായി തനിക്കുണ്ടായിരുന്നു ചില നല്ല ഓര്‍മ്മകള്‍ അയവിറക്കുകയാണ് സത്യന്‍ അന്തിക്കാട്. സംവിധായകരിലെ പകരം വയ്ക്കാന്‍ ആളില്ലാത്ത ഐവി ശശി തനിക്കെത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച ഈ വരികള്‍.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഒരാള്‍ മാഞ്ഞു പോകുന്‌പോഴാണ് അയാള്‍ നമുക്കെത്ര മാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് നാം ഓര്‍ക്കുന്നത്. ലോഹിതദാസിന്റെയും ജോണ്‍സന്റെയും കൂട്ടത്തിലേക്ക് ഇപ്പോള്‍ ഐ വി ശശിയും.

കുട്ടിത്തം മാറാത്ത ചേട്ടനായിരുന്നു ഞങ്ങള്‍ക്കൊക്കെ ശശിയേട്ടന്‍. ഐ വി ശശി എന്ന ചലച്ചിത്ര മാന്ത്രികന്‍ ഒരുക്കിയ പാതയിലൂടെയാണ് ഞാനും ഫാസിലും പ്രിയനും സിബിയുമൊക്കെ സഞ്ചരിച്ചത്. അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും. ഞങ്ങള്‍ക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ തന്നെയായിരുന്നു ശശിയേട്ടന്‍. രോഗത്തിന് പോലും അദ്ദേഹത്തെ തളര്‍ത്താനായിട്ടില്ല.

നാടോടിക്കാറ്റിന്റെയും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിന്റെയും നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ശശിയേട്ടന്‍. ഞാനും ശ്രീനിവാസനും കഥ ചര്‍ച്ച ചെയ്യാനിരിക്കുന്‌പോള്‍ തിരക്കുകള്‍ക്കിടയില്‍ നിന്ന് എപ്പോഴെങ്കിലും ഓടിയെത്തും. ഞങ്ങളുണ്ടാക്കിയ സീനുകള്‍ കേട്ട് കുറേ ചിരിക്കും. വിലപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ തരും. വന്നത് പോലെ തന്നെ തിടുക്കത്തില്‍ സ്ഥലം വിടും.

അതിനിടയില്‍ എപ്പോഴോ ആണ് നാടോടിക്കാറ്റില്‍ ഒരു സീനില്‍ അഭിനയിക്കണം എന്ന് ഞാന്‍ പറയുന്നത്. മടിയായിരുന്നു. പക്ഷേ ഞാനും ശ്രീനിയും വിട്ടില്ല. ‘സ്വന്തം പടമല്ലേ..അഭിനയിച്ചേ പറ്റൂ’ എന്ന് സീമയെക്കൊണ്ടും പറയിച്ചു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ ആ രംഗം ടി വിയില്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
ഐ വി ശശി നമുക്കിടയില്‍ തന്നെയുണ്ടാകുമെന്ന് തോന്നിപ്പോകുന്നു; സിനിമയുള്ള കാലത്തോളം. കാണാമറയത്ത്.

Related posts