മുക്കം: വിദ്യാർഥികൾക്ക് യാത്ര അവകാശങ്ങൾ സംബന്ധിച്ച രേഖ വിതരണം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. ബസിൽ കയറാൻ വിദ്യാർഥികൾ വരിനിൽക്കേണ്ടതില്ലന്ന കോടതി ഉത്തരവ് ഫോട്ടോസ്റ്റാറ്റെടുത്ത് വിതരണം ചെയ്തത് ബസ് ജീവനക്കാരെ ചൊടിപ്പിക്കുകയായിരുന്നു.
ഇതോടെ നോട്ടീസ് വിതരണം ചെയ്ത എന്റെ മുക്കം വാട്സ് ആപ്പ് കൂട്ടായ്മക്കെതിരെ ഒരു പറ്റം ജീവനക്കാർ തിരിഞ്ഞു. ഇത് വാക്കേറ്റത്തിനും തുടർന്ന് സംഘർഷത്തിലും കലാശിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ മുക്കം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
വിതരണത്തിനിടെ കുട്ടികൾ വരിനിൽക്കുന്നത് കണ്ട നാട്ടുകാർ വിദ്യാർഥികളോട് ബസിൽ കയറാൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ മുക്കം – കോഴിക്കോട് റൂട്ടിലോടുന്ന ബസുകൾ സർവീസ് നടത്തില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.
ഇതോടെ മുക്കം പോലീസ് സംഭവസ്ഥലത്തെത്തുകയും നാട്ടുകാരോടും ബസ് ജീവനക്കാരോടും പോലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. മുക്കം എസ്ഐ എ. അഭിലാഷിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ നടന്ന ചർച്ചയിൽ വിദ്യാർഥികൾ ബസിൽ കയറുന്നത് സുഖമമാക്കാൻ പോലീസുകാരെ നിയമിക്കുമെന്ന തീരുമാനമെടുത്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. അര മണിക്കൂറിന് ശേഷമാണ് ബസ് സർവീസ് ആരംഭിച്ചത്.