മുംബൈ: മൂത്ത സഹോദരൻ മൊബൈൽ ടെലിഫോണിയിലേക്കു കടന്നത് അനിയന്റെ “പണി’ മുട്ടിച്ചു. അനിൽ അംബാനി 2 ജി മൊബൈൽ ടെലിഫോണിയിൽനിന്നു പിന്മാറുന്നു. നവംബർ മുപ്പതോടെ മൊബൈൽ സംഭാഷണത്തിന് അനിൽ അംബാനിയുടെ കന്പനി ഉണ്ടാകില്ല. അനിലിന്റെ ആർകോം ഇനി 4 ജിയിലുള്ള കുറച്ച് ഇന്റർനെറ്റ് സർവീസുകളേ നല്കൂ.
അടുത്തവർഷം രാജ്യത്തു സ്വകാര്യ മേഖലയിൽ മൂന്നു ടെലികോം കന്പനികളേ ഉണ്ടാകൂ എന്നതാണവസ്ഥ. മിത്തൽ കുടുംബത്തിന്റെ എയർടെൽ, മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ബ്രിട്ടീഷ് കന്പനി വോഡഫോണും ആദിത്യബിർള ഗ്രൂപ്പിന്റെ ഐഡിയയും ഒന്നിച്ചുണ്ടാകുന്ന കന്പനി എന്നിവ. പൊതുമേഖലയിലെ ബിഎസ്എൻഎലും എംടിഎൻഎലും രംഗത്തു തുടരും.
ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ടെലിഫോണി ബിസിനസ് എയർടെലിനു വിറ്റു. അവശേഷിച്ചിരുന്ന ചില ചെറുകന്പനികളെ മറ്റു കന്പനികൾ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനകം വാങ്ങിക്കൂട്ടിയിരുന്നു.
കേരളമൊഴിച്ചുള്ള സർക്കിളുകളിലൊന്നും ബിഎസ്എൻഎൽ ശക്തമല്ലാത്തതിനാൽ മൂന്നു സ്വകാര്യ കുത്തകകളിലേക്കു മൊബൈൽ ടെലിഫോണി ബിസിനസ് ഒതുങ്ങി എന്നു പറയാം.
അനിൽ അംബാനിയുടെ കമ്പനി നേരത്തേ ടവർ ബിസിനസ് വിറ്റിരുന്നു. മൊബൈൽ ടെലിഫോണി വിടുന്പോൾ ചെറിയൊരു ഡാറ്റാ ബിസിനസിലേക്കു കന്പനി ചുരുങ്ങും. മൂവായിരത്തോളം ജീവനക്കാർ ആർകോമിലുണ്ട്. ഇതിൽ 1200 പേർക്കു പണി നഷ്ടപ്പെടും എന്നാണ് കന്പനി പറയുന്നത്. സ്റ്റാഫ് റിക്രൂട്ടിംഗ് കന്പനികൾ സംഖ്യ ഇതിലേറെ വരുമെന്നു പറയുന്നു.
ആർകോമിന്റെ ഒട്ടേറെ ജോലികൾ പുറം ജോലി കരാർ വഴിയാണു നടത്തുന്നത്. ആ കരാറുകളിലെ ജോലിക്കാർക്കും പണി പോകും. അതു കന്പനിയിൽ പണിയുള്ളവരേക്കാൾ കൂടുതൽ ആയിരിക്കും.