തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പട്ടിക ജാതി- വർഗ കോളനികൾ എന്നിവിടങ്ങളിൽനിന്ന് 50 മീറ്റർ ദൂരത്തിലുള്ള ബാറുകൾ ഇന്നു മുതൽ തുറക്കും. സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം പ്രവർത്തിക്കേണ്ട ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു കൊണ്ടുള്ള എക്സൈസ് ചട്ടഭേദഗതി സർക്കാർ പുറത്തിറക്കിയതോടെയാണിത്.
ഫോർ സ്റ്റാറിനും അതിനു മുകളിലും പദവിയുള്ള ബാർ ഹോട്ടലുകളുടെ ദൂരപരിധി കുറച്ചു കൊണ്ടുള്ള എക്സൈസ് ചട്ടഭേദഗതിയാണു പുറത്തിറക്കിയത്. മദ്യശാലകളുടെ ദൂരപരിധി കുറയ്ക്കുന്നതിനെതിരേ സംസ്ഥാനത്താകെ വ്യാപക പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രിയോടെ സർക്കാർ ചട്ട ഭേദഗതി പുറത്തിറക്കിയത്. ഇപ്പോഴത്തെ ഭേദഗതി പ്രകാരം സംസ്ഥാനത്ത് ഇന്നു മുതൽ മൂന്നു മദ്യശാലകൾ മാത്രമേ അധികമായി തുറന്നു പ്രവർത്തിക്കുകയുള്ളുവെന്ന് എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
എന്നാൽ, ദൂരപരിധി കുറച്ചു കൊണ്ടുള്ള സർക്കാർ ഭേദഗതി പുറത്തിറങ്ങുന്നതോടെ പത്തിലേറെ ബാറുകൾ വരും ദിവസങ്ങളിൽ ലൈസൻസിനായി അപേക്ഷ നൽകുമെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഫോർ സ്റ്റാറിലേക്കു പദവി ഉയർത്തിയ ഹോട്ടലുകൾക്കാണ് അനുമതി നൽകേണ്ടി വരിക.
മദ്യശാലകളുടെ ദൂരപരിധി കുറച്ചു കൊണ്ടു രണ്ടു മാസം മുൻപു നികുതി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, എക്സൈസ് ചട്ട ഭേദഗതി കൂടി നടപ്പാക്കിയാൽ മാത്രമേ ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നുള്ളു. മതമേലധ്യക്ഷൻമാർ അടക്കമുള്ളവരും മദ്യവിരുദ്ധ സംഘടനകളും സർക്കാർ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ഇതു വൈകുകയായിരുന്നു.
ഭേദഗതി അനുസരിച്ചു വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പട്ടികജാതി-പട്ടികവർഗ കോളനികൾ, പൊതുശ്മശാനം എന്നിവയിൽനിന്നുള്ള ദൂരപരിധി 200 മീറ്ററിൽനിന്ന് 50 ആയി കുറയും. അതേസമയം, ത്രീ സ്റ്റാർ ബാർ ഹോട്ടലുകളുടെയും ബിവറേജസ്- കണ്സ്യൂമർഫെഡ് വിദേശ മദ്യവില്പനശാലകളുടെയും ദൂരപരിധി നിലവിലുള്ള 200 മീറ്ററായി തുടരും. സ്കൂളുകളിൽനിന്നു കള്ളുഷാപ്പുകളുടെ ദൂരപരിധി നിലവിൽ 400 മീറ്ററാണ്. ഇതിലും മാറ്റമില്ല.
കെ. ഇന്ദ്രജിത്ത്