വെള്ളറട(തിരുവനന്തപുരം): വീട്ടിനുള്ളിൽ അമ്മയെയും മകനേയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സാന്പത്തികബാധ്യതമൂലം ജീവനൊടുക്കിയതാകാമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. വെള്ളറട ചുണ്ടിൽ വേങ്കിലിവിള ആര്യപ്പള്ളി വീട്ടിൽ മേരി (70), മകൻ ജോണ് (40) എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്.
മാതാവിനെ കട്ടിലിലും മകനെ സമീപത്തെ മുറിയിലെ തറയിലുമാണ് കണ്ടെത്തിയത്. പുലർച്ചെ സമീപവീട്ടിലെ യുവാവ് പുറത്തിറങ്ങിയപ്പോൾ മേരിയുടെ വീടിന്റെ ജനാലയിലൂടെ തീകത്തുന്നതായി കണ്ടു. ഉടൻ സമീപത്തുതാമസിക്കുന്ന വാർഡ് മെന്പറെ വിവരം അറിയിച്ചു. വാർഡ് മെന്പർ വിജയയാണ് പോലീസിനെയും മറ്റും അറിയിച്ചത്. വീടിന്റെ മുൻവശത്തെയും പുറകുവശത്തെയും കതകുകൾ പൂട്ടിയിരുന്നു. പോലീസെത്തിയാണ് തീയണച്ചത്. കട്ടിലിൽ കിടന്ന മേരിയുടെ കാലുകൾ പ്ലാസ്റ്റിക് വയർകൊണ്ട് ബന്ധിച്ചിരുന്നു.
ജോണിന്റെ കാലുകൾ ബന്ധിപ്പിച്ച് സമീപത്തെ മേശയിൽ കെട്ടിയിരുന്നു. മകൻ കിടന്ന സ്ഥലത്തുനിന്ന് മാതാവ് കിടന്ന കട്ടിൽവരെ വസ്ത്രം വിതറിയശേഷം പെട്രോൾ ഒഴിച്ച നിലയിലാണ്. മകൻ ആദ്യം മാതാവിന്റെ ശരീരത്തിലും തുടർന്ന് തറയിലിട്ടിരുന്ന വസ്ത്രങ്ങളിലും പെട്രോൾ ഒഴിച്ചശേഷം മുറിയിലെത്തി മേശയിൽ കാലുകൾ കെട്ടിയശേഷം സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
തീപ്പെട്ടിയും പെട്രോളും മകൻ കിടന്ന സ്ഥലത്തുണ്ടായിരുന്നു. മകന്റെ ശരീരത്തിൽ തീ ആളിപ്പടർന്നശേഷം തറയിൽ വിതറിയ വസ്ത്രം വഴി കട്ടിലിൽ കിടന്ന മാതാവിന്റെ ശരീരത്തിലും കത്തിപ്പിടിക്കുകയായിരുന്നു. ഇരുവരും മുറിയിൽ നിന്ന് ഇറങ്ങിയോടാതിരിക്കാനാണ് കാലുകൾ ബന്ധിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിലായിരുന്നു.
വെള്ളറട എസ്ഐ വിജയകുമാറിന്റെയും സ്പെഷൽ ബ്രാഞ്ച് എസ്ഐ ഫ്രാൻസിസിന്റെയും നേതൃത്വത്തിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. സംഭവസ്ഥലത്ത് ഫിംഗർ പ്രിന്റ് വിദഗ്ധരും ഫോറൻസിക് വിദഗ്ധരുമെത്തിയശേഷം മറ്റു നടപടികൾ ആരംഭിക്കും. പരേതനായ മുത്തുസ്വാമിയാണ് മേരിയുടെ ഭർത്താവ്. മേരിയുടെ മറ്റു മക്കൾ: റാണി, ശാന്തി, കുമാരി, ബർണബാസ്, വിൻസന്റ്, ക്രിസ്തുരാജ്. മരുമക്കൾ: രവി, ബാബു, ജോണ്സലാം, സബിത.