മങ്കൊമ്പ്: സർവീസ് നടത്തുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് അടർന്ന് വീണത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പള്ളിക്കുട്ടുമ്മ ജംഗ്ഷനു കിഴക്കു ഭാഗത്തുവച്ചാണ് ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ലുകൾ തകർന്നുവീണത്.
ചങ്ങനാശേരിയിൽ നിന്നും ആലപ്പുഴക്കു പോവുകയായിരുന്ന കുമളി ഡിപ്പോയുടെ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ചില്ലാണ് തകർന്നത്. അപ്രതീക്ഷിതമായ സംഭവത്തെത്തുടർന്ന് ആദ്യമൊന്നന്പരന്നെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. സംഭവസമയത്ത് നാൽപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. രാവിലെ കുമളിയിൽ നിന്നും സർവീസാരംഭിക്കുന്പോൾ ചില്ലിനു പൊട്ടലോ മറ്റു തകരാറുകളോ ഇല്ലായിരുന്നെന്ന് ജീവനക്കാർ പറയുന്നു.
ഓടുന്നതിനിടയിൽ പെട്ടെന്ന് ചില്ലടർന്നു വീഴുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ യാത്ര ക്കാരിൽ ആർക്കും പരിക്കില്ല. സംഭവത്തെത്തുടർന്ന് കഐസ്ആർടിസി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ബസ് ചങ്ങനാശേരി ഡിപ്പോയിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലും നിർത്തിയിട്ടിരുന്ന ബസിന്റെ ഗ്ലാസ് തകർന്നു വീണിരുന്നു.