കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ഇന്ന് എല്ലാവര്‍ക്കും പരിചിതമാണ്. പ്രമുഖരടക്കമുള്ള പലരും കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പലപ്പോഴായി പ്രതികരിക്കുകയും അവയെല്ലാം സോഷ്യല്‍മീഡിയകളിലൂടെയും മറ്റും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലൊരാളാണ് നടന്‍ ജയസൂര്യ. എറണാകുളത്തെ റോഡിലിറങ്ങി കുഴിയടച്ചതും, മോശം അവസ്ഥയിലെ റോഡില്‍ സഞ്ചരിക്കുമ്പോള്‍ ടോള്‍ കൊടുക്കില്ലെന്ന് പറഞ്ഞതും വാര്‍ത്തയായിരുന്നു.
പിന്നീട് പുണ്യാളന്‍ എന്ന സിനിമയിലൂടെയും നടന്‍ ഈ വിഷയം രസകരമായി അവതരിപ്പിച്ചു. പുണ്യാളന്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കുമ്പോഴും ഇതേ വിഷയമാണ് പുണ്യാളന്‍ ടീം പറയുന്നത്. ഇത്തവണയും പ്രശ്നക്കാരന്‍ കുഴി തന്നെ. അതും നാലു വര്‍ഷം മുന്‍പത്തെ കുഴി. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലെ രസകരമായ രംഗങ്ങളിലൊന്നാണ്, ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു റോഡിലെ കുഴി അടയ്ക്കുന്നത്. ഇതേ കുഴിയെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത് ശങ്കര്‍.
നാലു വര്‍ഷം മുന്‍പ് റോഡിലുണ്ടായിരുന്ന കുഴി ഇപ്പോഴും അവിടെ അതേപടിയുണ്ടെന്നാണ് ചിത്രം സഹിതം അദ്ദേഹം പറയുന്നത്. പുണ്യാളന്റെ രണ്ടാം ഭാഗവുമായി എത്തുമ്പോഴും കുഴി അതുപോലെ തന്നെ കിടക്കുന്നു എന്നതാണ് ചര്‍ച്ച ചെയ്യേണ്ട വിഷയം. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും ചെയ്തു 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോള്‍ പുതിയൊരു പ്രോഡക്ടുമായാണ് ജോയ് എത്തുന്നത്. ഏതായാലും നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാംഭാഗം പ്രദര്‍ശനത്തിന് തയാറെടുക്കുമ്പോഴും കുഴിയുടെ കാര്യത്തില്‍ പരിഹാരമൊന്നുമായിട്ടില്ലെന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യം തന്നെയാണ്.