കോഴിക്കോട്: സ്വര്‍ണക്കടത്തുകേസ് പ്രതിയുടെ ആഡംബര കാര്‍ ജനജാഗ്രതാ യാത്രയ്ക്കായി ഉപയോഗിച്ച വിഷയം വിശദീകരിക്കാനൊരുങ്ങി സിപിഎം. വിഷയത്തിൽ വീഴ്ച സമ്മതിച്ച സിപിഎം, ഇത് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് താമരശേരി ഏരിയ കമ്മിറ്റി യോഗം വിളിച്ചു. വൈകിട്ട് കൊടുവള്ളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നാണു കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ പൊതുവികാരമെന്നാണ് വിവരം.
എൽഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ വടക്കൻ മേഖലയിൽ ജാഥാക്യാപ്റ്റനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളും, ഉദ്ഘാടന കേന്ദ്രമായ കാസര്‍ഗോഡ് നിന്ന് ഏര്‍പ്പെടുത്തിയതാണെന്നു നേതൃത്വം പറയുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിച്ചശേഷം സ്വീകരണം നല്‍കും. കൊടുവള്ളിയിലും ഇത്തരമൊരു വാഹനം തയാറാക്കിയിരുന്നു.
എന്നാല്‍, വാഹനം തകരാറിലായതിനേ തുടര്‍ന്നാണ് പ്രാദേശിക നേതൃത്വം പകരം സംവിധാനമായി ആഡംബര കാര്‍ എത്തിച്ചത്. എങ്കിലും വിവാദത്തിന് ഇടായാക്കിയേക്കാവുന്ന വാഹനം ഉപയോഗിച്ചതില്‍ പ്രാദേശിക നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായെന്നും കാറുമായി കോടിയേരി ബാലകൃഷ്ണനു യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കുന്ന സിപിഎം, യാത്രയുടെ വിജയം കണ്ട് ബിജെപിയും മുസ്ലീം ലീഗുമാണ് അപവാദ പ്രചരണങ്ങൾ നടത്തുന്നതെന്നും കുറ്റപ്പെടുത്തുന്നു.
ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയാണ് വിവാദം ചൂടുപിടിച്ചത്. നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം. കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്.