കണ്ണൂര്‍: ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും കിംബളം വാങ്ങുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല. മാസം തൊണ്ണൂറായിരം രൂപ ശമ്പളം വാങ്ങുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥ. പുറമേ എന്നിട്ടും ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് മുഖ്യ ശാഖയിലെ മാനേജര്‍ ടി.വി രമയ്ക്കു ത്രില്ല് വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കുന്നതിലായിരുന്നു. അരക്കോടിയിലേറെ മുക്കുപണ്ടം തട്ടിപ്പിന് പുറമേ ബ്ലേഡ് ഇടപാടുകളും രമ സജീവമായി നടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. ആലുങ്കല്‍ ഹൗസിലെ ഉണ്ണികൃഷ്ണനെന്ന ബ്ലേഡുകാരനുമായി രമ നടത്തിയത് 30 ലക്ഷം രൂപയുടെ ഇടപാടുകള്‍. ബാങ്കിന്റെ മുഖ്യശാഖയില്‍ ചുമതലയിലിരിക്കേ ഇത്തരം ഇടപാടുകള്‍ക്കാണ് രമ പ്രാധാന്യം നല്‍കിയത്.
അതിനു പുറമേ ഉണ്ണികൃഷ്ണനും ഭാര്യ ഷീജയും രണ്ട് ഇടപാടുകളിലായി 167 ഗ്രാം മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതെല്ലാം രമയുടെ സാന്നിധ്യത്തില്‍ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചിട്ടുമുണ്ട്. 17 ലക്ഷം രൂപ ഇത്തരം ഇടപാടുകള്‍ വഴി രമക്ക് നല്‍കിയതായും ഉണ്ണിക്കൃഷ്ണന് മൊഴിനല്‍കിയിട്ടുണ്ട്. അത്യാര്ഭാഢത്തിനും സമ്പന്നതക്കും വേണ്ടിയാണ് രമ ഇത്തരം തട്ടിപ്പിന് ഒരുങ്ങിയത്. രമയുടെ വീട്ടില്‍ റോട്ട്വീലര്, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് എന്നീ ഇനങ്ങളില്‍ പെട്ട നാല് ഹൈബ്രിഡ് നായകളുണ്ട്. ഇവയ്ക്കു തന്നെ പ്രതിമാസം 25,000 രൂപ ചെലവു വരുമെന്ന് പറയുന്നു.
തളിപ്പറമ്പ് സിഐ പി.കെ. സുധാകരനും എസ്. ഐ. പി.കെ ബിനുമോഹനനും അറസ്റ്റ് ചെയ്ത രമയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരിക്കയാണ്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന രമ ചോദ്യം ചെയ്യലില്‍ പൊലീസുകാരോട് നിസ്സഹകരണ നിലപാടാണ് സ്വീകരിച്ചത്. പ്രധാന ചോദ്യങ്ങള്‍ക്കൊന്നും അവര്‍ കൃത്യമായി മറുപടി പറഞ്ഞില്ല. മാത്രമല്ല ഞാന്‍ എല്ലാം കോടതിയില്‍ പറഞ്ഞോളാം എന്നായിരുന്നു അവരുടെ നിലപാട്. അഭിഭാഷകര്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ക്ക് മാത്രമാണ് രമ മറുപടി പറഞ്ഞത്. എന്നാല്‍ രമ അറസ്റ്റിലാവുന്നതിന് മുമ്പ് ആവശ്യമായ തെളിവുകളല്ലൊം പൊലീസ് ശേഖരിച്ചു കഴിഞ്ഞിരുന്നു.
ബാങ്കില്‍ സ്വര്‍ണം പണയം വെച്ച പത്ത് പേര് സിഐ ഓഫീസില്‍ എത്തി രമയെ തിരിച്ചറിഞ്ഞിരുന്നു. അതില്‍ രണ്ട് സ്ത്രീകള്‍ രമയെ കണ്ട ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എനിക്ക് ഇവരെ അറിയില്ലെന്നും ഇവര്‍ വെച്ച സ്വര്‍ണം താന്‍ കവര്‍ന്നിട്ടില്ലെന്നും രമ പറഞ്ഞ ഉടന്‍ അവര്‍ രമക്കെതിരെ പ്രതികരിക്കുകയായിരുന്നു. വളരെ ആസൂത്രിതമായിരുന്നു എല്ലാം തട്ടിപ്പും രമ നടത്തിയത്. മകന് ടി.വി. വിനീതിന്റെ പേരില്സ്വര്ണം പണയം വെക്കാതെ ലക്ഷങ്ങളാണ് പണയം വെച്ചെന്ന് രേഖയുണ്ടാക്കിയത്. ഇങ്ങിനെ പണയം വെച്ച രേഖകളില്‍ ടി.വിനോദ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ഒപ്പും വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മാനേജരായ രമയും അപ്രൈസര്‍ ഷഡാനനും മോഷ്ടിക്കുന്ന സ്വര്‍ണം തളിപ്പറമ്പിലെ തന്നെ സ്വകാര്യ പണമിടപാടുകാര്‍ക്ക് നല്‍കുകയായിരുന്നു. സ്വര്‍ണ്ണ പണയത്തിന്റെ ചുമതല രമക്കായിരുന്നതിനാല് എല്ലാം എളുപ്പമായി. രമ തട്ടിയെടുക്കുന്ന പണയസ്വര്‍ണം ഒറ്റ തവണ തന്നെ സ്വകാര്യ ഇടപാടു സ്ഥാപനത്തില്‍ ആറ് ലക്ഷം രൂപക്ക് പണയം വെച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പണയത്തട്ടിപ്പ് പുറത്തറിഞ്ഞ ഉടന്‍ സീനിയര്‍ മാനേജര്‍ ഇ.ചന്ദ്രന് ബാങ്ക് മേധാവികളെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രമയെ രക്ഷിക്കാന്‍ പല ഉന്നതതല ഇടപെടലുകളും നടന്നു. എന്നാല്‍ ക്രമക്കേടില്‍ അഡ്മിനിസ്ട്രേറ്റീവ് ചുമതലയുള്ള സീനിയര്‍ മാനേജര്‍ ഇ. ചന്ദ്രന് നേരിട്ട് പങ്കില്ലെങ്കിലും ചന്ദ്രന് ഇപ്പോള്‍ ഒളിവിലാണ്. മോഷണം പൊലീസിനും ഉന്നത അധികാരികള്‍ക്കും സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ ഇദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും രമയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുകയാണ്.