കണ്ണൂര്‍:റിലീസിംഗ് ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഫോണില്‍ പകര്‍ത്തിയതാണ് ജോബിഷ് എന്ന യുവാവിനെ പ്രശസ്തനാക്കിയത്. തിയറ്ററില്‍ നിന്നും സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് കുറ്റമായിരിക്കെയാണ് ജോബിഷ് ആരാധന മൂത്ത് ഈ കടുംകൈ ചെയ്തത്. മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ ചെമ്പന്തൊട്ടിയെന്ന കര്‍ഷക ഗ്രാമത്തിലെ ജോബിഷ് തകിടിയേല്‍ (33) ഇപ്പോള്‍ സന്തോഷവാനാണ്. ഇഷ്ടതാരത്തിന്റെ കാരുണ്യത്താല്‍ കേസില്‍ നിന്ന് ഒഴിവായിക്കിട്ടിയതു മാത്രമല്ല, സന്തോഷത്തിന്റെ കാരണം. തന്റെ ആരാധനയെക്കുറിച്ചു ലാലേട്ടന് അറിഞ്ഞല്ലോ, തന്നെക്കുറിച്ചു ലാലേട്ടന് ആരോടൊക്കെയോ സംസാരിച്ചല്ലോ എന്നൊക്കെ ആലോചിക്കുമ്പോള്‍, താരത്തിനു നേരിട്ടു കൈകൊടുത്ത പോലുള്ളൊരു ത്രില്ല്. മോഹന്‍ലാലിന്റെ പുതിയ പടം ‘വില്ലന്‍’ റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലില്‍ പകര്‍ത്തിയതിനാണു ജോബിഷിനെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണ്ണൂര്‍ സവിതാ തിയറ്ററില്‍ നിന്നു ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ലാലേട്ടന് ക്ഷമിച്ചതായി’ തിരുവനന്തപുരത്തു നിന്ന് ഉച്ച തിരിഞ്ഞ് അറിയിപ്പു കിട്ടിയതോടെ പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
ആ ദിവസത്തെക്കുറിച്ചു ജോബിഷ് പറയുന്നു: ‘ലാലേട്ടന്റെ എല്ലാ പടവും റിലീസ് ദിവസം ആദ്യത്തെ ഷോ തന്നെ കാണും. കഴിഞ്ഞ? 18 കൊല്ലമായുള്ള ശീലമാണ്. 2000 ജനുവരി 26നു ‘നരസിംഹം’ കണ്ട ശേഷം ഇതുവരെ ലാലേട്ടന്റെ ഒരു പടവും ആദ്യത്തെ ഷോ കാണാതിരുന്നിട്ടില്ല. അക്കാലത്തു കണ്ണൂര്‍ ടൗണില്‍ മാത്രമേ റിലീസ് ഉണ്ടാവൂ. അങ്ങനെയാണു കണ്ണൂരിലേക്കു വരാന്‍ തുടങ്ങിയത്. ഇപ്പോള്‍ തളിപ്പറമ്പിലും പടങ്ങള്‍ റിലീസ് ചെയ്യാറുണ്ട്. എന്നാലും കണ്ണൂരില്‍ വന്നു പടം കാണാനാണ് ഇഷ്ടം. അടുത്ത കാലത്തായി രാവിലെ ഏഴു മണിക്കോ എട്ടോ മണിക്കോ ഒക്കെ ആദ്യ ഷോ തുടങ്ങും. തലേ ദിവസം തന്നെ ഫാന്‍സ് അസോസിയേഷന്‍കാരുമായി ബന്ധപ്പെട്ടു സമയം അറിഞ്ഞു വയ്ക്കും. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങും. മാരുതി സര്‍വീസ് സെന്ററിലാണു ജോലി. ലാലേട്ടന്റെ പടം ഇറങ്ങുന്ന ദിവസം ജോലിക്കു പോവില്ല. എനിക്കു ലാലേട്ടനോടുള്ള ആരാധനയെപ്പറ്റി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അറിയാം. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കും അറിയാം.
‘വില്ലന്‍’ ഇറങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കുള്ള ഷോ കാണാന്‍ ചെമ്പന്തൊട്ടിയിലെ വീട്ടില്‍ നിന്നു പുലര്‍ച്ചെ ആറിന് ഇറങ്ങി. ഫാന്‍സ് അസോസിയേഷന്‍കാരില്‍ നിന്നാണു ടിക്കറ്റ് കിട്ടിയത്. പടം തുടങ്ങിയപ്പോള്‍ തിയറ്ററില്‍ വലിയ ആര്‍പ്പു വിളിയും ബഹളവുമായിരുന്നു. സ്ക്രീനില്‍ ലാലേട്ടന്റെ എന്‍ട്രി വന്നപ്പോള്‍ ആവേശം നിയന്ത്രിക്കാനായില്ല. ആളുകള്‍ പൂക്കള്‍ വാരി വിതറുന്നതും മറ്റും ആവേശത്തോടെ മൊബൈലില്‍ പകര്‍ത്തിയതാണ്. പടം പകര്‍ത്തുകയാണെന്ന് ആര്‍ക്കോ സംശയം തോന്നി. അങ്ങനെയാണു പൊലീസൊക്കെ വന്നത്. മോഹന്‍ലാലിനോടുള്ള ആരാധന കൊണ്ടു ചെയ്തതാണെന്നു പൊലീസുകാര്‍ക്ക് ആദ്യമേ മനസ്സിലായി. അവര്‍ മാന്യമായാണു പെരുമാറിയത്. എന്റെ ഫോണ്‍ പരിശോധിച്ചപ്പോഴും അവര്‍ക്കു കാര്യം മനസ്സിലായിരുന്നു. എങ്കിലും വിതരണക്കാരില്‍ നിന്നു പരാതി കിട്ടിയിട്ടുള്ളതിനാല്‍ പരാതി പിന്‍വലിക്കാതെ എന്നെ വിടാന്‍ പറ്റില്ലല്ലോ. പൊലീസുകാര്‍ സംവിധായകനെ ഫോണില്‍ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. സംവിധായകന് ലാലേട്ടനോടു സംസാരിച്ചിട്ടു തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി അറിഞ്ഞു.
എനിക്കു ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ആരാധന കൊണ്ട് അല്പം ആവേശം കൂടിപ്പോയതാണ്. ലാലേട്ടന് ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അങ്ങനെ ലാലേട്ടന്റെ തീരുമാനവും കാത്ത് അഞ്ചാറു മണിക്കൂര്‍ ഞാന്‍ പോലീസ് സ്റ്റേഷനില്‍ ഇരുന്നു. ഒടുവില്‍ ഉച്ച കഴിഞ്ഞ് ഞാന്‍ കാത്തിരുന്ന ആ വിളി വന്നു: ലാലേട്ടന് എന്നോടു ക്ഷമിച്ചിരിക്കുന്നു! അപ്പോള്‍ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. കേസില്‍ നിന്നു രക്ഷപ്പെട്ടതിലല്ല, ലാലേട്ടന് എനിക്കു വേണ്ടി ഇടപെട്ടതിലായിരുന്നു സന്തോഷം’. ഇത്ര വലിയ ആരാധകനായിട്ടും ലാലേട്ടനെ ശരിക്കൊന്നു കാണാന്‍ കഴിഞ്ഞിട്ടെല്ലെന്ന വിഷമം ജോബിഷില് ഇപ്പോഴും അവശേഷിക്കുന്നു.