കുറച്ചു നാളുകളായി തമിഴ് നടൻ കമൽ ഹാസന്റെ രാഷ് ട്രീയ പ്രവേശം തമിഴ്നാട്ടിലെ ചൂടുള്ള ചർച്ചാവിഷയമാണ്. താരം പുതിയ രാഷ്ട്രീയ പാർട്ടിതന്നെ ഉണ്ടാക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കേ കഴിഞ്ഞ ദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ ഒരു ലേഖനം ഏറെ ശ്രദ്ധേയമാവുകയാണ്. രാജ്യത്തെ യുവജനങ്ങൾക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ ഒരു അടിത്തറ ആവശ്യമാണെന്നാണ് കമൽ ഹാസൻ പറയുന്നത്. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ താൻ പ്രയത്നിക്കും. ഇതുസംബന്ധിച്ച വലിയൊരു പ്രഖ്യാപനം തന്റെ ജന്മദിനമായ നവംബർ ഏഴിന് ഉണ്ടാകുമെന്നും കമൽ ഹാസൻ പറയുന്നു.ഈ പ്രഖ്യാപനം പുതിയ പാർട്ടിയായിരിക്കുമോ എന്നാണ് കമൽ ആരാധകരും തമിഴ് രാഷ്ട്രീയ ലോകവും ഒരുപോലെ ഉറ്റുനോക്കുന്നത്.
എന്നാൽ എല്ലാ ജന്മദിനങ്ങളിലേയുംപോലെ തന്റെ ആരാധകരോട് സംവദിക്കാനുള്ള ഒരു വേദി മാത്രമാണ് വലിയ പ്രഖ്യാപനം എന്നതിലൂടെ താൻ ഉദ്ദേശിച്ചതെന്ന് കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. എന്നാൽ രാഷ്്ട്രീയ പ്രവേശത്തിനുമുന്പുതന്നെ കമൽ കൂടുതൽ ജനകീയനാകാനുള്ള പ്രയത്നത്തിലാണെന്നും വാർത്തകൾ വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ആളുകൾക്ക് വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ താരം പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട്.