രാത്രിയിലെ പതിവ് സവാരിക്കു ശേഷം വീട്ടിലെ ഗാരേജിൽ സൈക്കിൾ വയ്ക്കാൻ എത്തിയ ഓസ്ട്രേലിയയിലെ ആലിസ് സ്പ്രിംഗ്സ് സ്വദേശിയായ ടിറോണ് പാ എന്നയാൾ നിലത്തു നിന്നും ഒരു സീൽക്കാരശബ്ദം കേട്ടു. സൈക്കിളിന്റെ ടയർ പഞ്ചറായതാണോ എന്ന് സംശയിച്ച അദ്ദേഹം കൈയിലെ മൊബൈൽ ഫോണിൽ ടോർച്ച് തെളിച്ച് നിലത്തേക്ക് നോക്കി. അവിടുത്തെ കാഴ്ച കണ്ട അദ്ദേഹം ഞെട്ടി. ഒരു മീറ്റർ നീളത്തിൽ നിലത്ത് നീണ്ടു നിവർന്നുകിടന്നത് മുൾഗ എന്നയിനത്തിൽപ്പെട്ട വിഷപ്പാന്പ് ആയിരുന്നു.
മുഖത്തേക്ക് വെളിച്ചം വീണതിൽ പ്രകോപിതനായ പാന്പ് അദ്ദേഹത്തിന്റെ കാലിൽ കടിക്കാൻ മുന്നോട്ടാഞ്ഞു. ഇതു കണ്ട ടിറോണ് കാല് പിന്നിലേക്ക് വലിച്ചതിനാൽ പാന്പിന്റെ കടിയേറ്റത് സൈക്കിളിന്റെ ചക്രത്തിലായിരുന്നു. ഭയന്നു പോയ അദ്ദേഹം സൈക്കിൾ ഉപേക്ഷിച്ച് അവിടെ നിന്നും ഓടി പുറത്തു കടന്നു. സമനില വീണ്ടെടുത്ത അദ്ദേഹം ഉടൻ തന്നെ പാന്പ് പിടുത്തക്കാരെ അറിയിച്ചു. തുടർന്ന് അവർ എത്തി പാന്പിനെ പിടികൂടുകയുമായിരുന്നു. ടയറിൽ പാന്പ് കടിച്ച ഭാഗം പരിശോധിച്ച അവർ അതിൽ നിന്നും വിഷത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തു.
അതിവിഷമുള്ള ഇനമാണ് മുൾഗകൾ. എന്നാൽ വിഷം ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ് ദിവസത്തിന്റെ പകുതി സമയം കഴിഞ്ഞതിനു ശേഷമെ മരണം സംഭവിക്കുകയുള്ളു.