സെൻസയ് പരിതോസ് കർ. രണ്ടു ദിവസം കൊണ്ട് ഈ പേര് തിരഞ്ഞത് ആയിരക്കണക്കിനാളുകളാണ്. കാരണം മറ്റൊന്നുമല്ല, നമ്മുടെ രാഹുൽ ഗാന്ധിയെ അടവുകൾ പഠിപ്പിച്ച ആശാനാണ് പരിതോസ് കർ. ആയോധനകലയായ ഐകിഡോയിൽ രാഹുൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയപ്പോൾ അതിനു പിന്നിൽ ഇദ്ദേഹത്തിന്റെ പരിശീലനമികവുമുണ്ടായിരുന്നു.
2009-ലാണു രാഹുലും കറും പരിചയപ്പെടുന്നത്. അന്നുമുതൽ ഐകിഡോ പരിശീലനമുണ്ട്. കഴിഞ്ഞ മൂന്നുമാസമേ പരിശീലനം മുടങ്ങിയിട്ടുള്ളൂ. ഫിറ്റ്നെസിന്റെ കാര്യത്തിൽ രാഹുൽ നിഷ്ഠയുള്ളയാളാണെന്നു കർ പറഞ്ഞു. തുഗ്ലക് ലെയ്നിൽ രാഹുൽ താമസിക്കുന്ന 12-ാം നന്പർ വസതിയിൽ പരിശീലനത്തിനു രണ്ടു സുഹൃത്തുക്കൾകൂടിയുണ്ട്. അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയും പരിശീലനം കാണാൻ വരാറുണ്ടെന്നും കർ പറഞ്ഞു.
ഐകിഡോയിൽ ഒതുങ്ങുന്നില്ല രാഹുലിന്റെ നേട്ടങ്ങൾ. ജിയു-ജിട്സുവിൽ പ്രവീണൻ, വാൾപ്പയറ്റിൽ നിപുണൻ, പിസ്റ്റൾ ഷൂട്ടിംഗിൽ ചാന്പ്യൻ.. അങ്ങനെ പോകുന്നു. രണ്ടുദിവസംകൊണ്ടാണു രാഹുൽഗാന്ധി ‘താര’മായത്. വ്യാഴാഴ്ച ഡൽഹി പിഎച്ച്ഡി (പഞ്ചാബ്- ഹരിയാന- ഡൽഹി) ചേംബർ ഓഫ് കൊമേഴ്സിന്റെ അവാർഡ് ദാന ചടങ്ങിലാണു തുടക്കം. അവിടെ ബോക്സിംഗ് താരം വിജേന്ദർ സിംഗിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണു താൻ ജാപ്പനീസ് ആയോധനകലയായ ഐകിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ടെന്നു രാഹുൽ പറഞ്ഞത്. തുടർന്നു സമൂഹമാധ്യമങ്ങളും മറ്റു മാധ്യമങ്ങളും ഇതിനു പിന്നാലെയായി. ഒടുവിൽ സെൻസയ് പരിതോസ് കറിനെ ചിലർ കണ്ടെത്തുകയും ചെയ്തു.
ലണ്ടനിൽനിന്നാണു രാഹുൽ ജിയു-ജിട്സു എന്ന ബ്രസീലിയൻ ആയോധനകല പഠിച്ചത്. ഇതിനിടെ 1989-ൽ നാഷണൽ റൈഫിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മത്സരത്തിൽ രാഹുൽ ഒന്നാമനായി എന്നതിന്റെ സർട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളിൽ വന്നു. 1988 ഡിസംബർ 26 മുതൽ 89 ജനുവരി അഞ്ചുവരെ നടന്ന 32-ാം നാഷണൽ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ വിഭാഗത്തിലാണു രാഹുൽ ജേതാവായത്. 300-ൽ 271 പോയിന്റ് ലഭിച്ചു.
സൗരഭ് റായി എന്ന കോൺഗ്രസ് പ്രവർത്തകന്റെ ട്വിറ്റർ ഹാൻഡിലിലാണ് ഈ സർട്ടിഫിക്കറ്റ് ആദ്യം പ്രസിദ്ധീകരിച്ചത്.വിജേന്ദർ സ്പോർട്സ് വികസനത്തെപ്പറ്റിയുള്ള ഒരു ചോദ്യത്തിന്റെ കൂടെ പാർലമെന്റംഗങ്ങളും നേതാക്കളും കളിക്കുന്നതു കാണാറില്ല, മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നതേ കാണാറുള്ളു എന്നു പറഞ്ഞിരുന്നു. അപ്പോഴാണു താൻ ബ്ലാക്ക് ബെൽറ്റ് ആണെന്നു രാഹുൽ പറഞ്ഞത്.