കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറഭാഗത്ത് നിന്ന് പത്തു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. നാല് മണിക്കൂറുകളോളം വീട്ടുകാരും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ സമീപത്തെ വീട്ടിലെ കാറിനടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ വട്ടംകറക്കിയ സംഭവങ്ങളുടെ തുടക്കം. വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു കുട്ടി.
രണ്ടോടെ കനത്ത മഴയ്ക്ക് ആകാശം ഇരുണ്ടുമൂടി. പിന്നാലെ ഇടിമിന്നലും ഉണ്ടായി. ഇതോടെ കുട്ടിയോട് ടിവി നിർത്തിവയ്ക്കാൻ അമ്മ പറഞ്ഞു. അമ്മയോട് പിണങ്ങി കുട്ടി അടുത്ത വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെ പോർച്ചിൽ കിടന്ന കാറിനടിയിൽ കയറിയ വിരുതൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി.
അല്പസമയം കഴിഞ്ഞും കുട്ടിയെ കാണാതെ വന്നതോടെ അമ്മ തിരക്കിയിറങ്ങി. വീട്ടുകാരും നാട്ടുകാരും വീടും പരിസരവും അരിച്ചുപെറുക്കി. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസിലും വിവരം അറിയിച്ചു. പോലീസും നാട്ടുകാരും മണിക്കൂറുകൾ തെരഞ്ഞിട്ടും കുട്ടിയെ കിട്ടിയില്ല. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ കൂട്ടിയെ കാണാനില്ലെന്നു പറഞ്ഞുള്ള സന്ദേശങ്ങളും പ്രചരിച്ചു. സമീപ സ്റ്റേഷനിലേക്കും പോലീസ് വിവരങ്ങൾ കൈമാറി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി എന്ന ഭയത്തിലായിരുന്നു എല്ലാവരും.
ഇതിനിടെയാണ് വൈകുന്നേരം ആറോടെ കുട്ടിയെ സമീപ വീടിന്റെ കാറിനടിയിൽ നിന്നു കണ്ടെത്തുന്നത്. അല്പം വട്ടം കറക്കിയെങ്കിലും കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും.