ചേർത്തല: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന പരാതിയിൽ യുവാവിനെയും സഹായം ചെയ്ത ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. തണ്ണീർമുക്കം പഞ്ചായത്ത് നാലാംവാർഡ് തെക്കേമഠത്തിൽചിറ സോമജിത്ത് (32), സഹോദരൻ സോമലാൽ (35), സഹോദരി ആശ (25), ഇവരുടെ ഭർത്താവ് വിനോദ് ഭാസ്കർ (30) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ ആശയ്ക്കു കോടതി ജാമ്യം അനുവദിച്ചു. മറ്റുള്ളവരെ റിമാൻഡ് ചെയ്തു. ചേർത്തല സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
സോമജിത്തുമായി അടുപ്പമുള്ളതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഗരത്തിനടുത്തുള്ള ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ രേഖയിൽ 2000 ഓഗസ്റ്റ് ഏഴിനാണു കുട്ടി ജനിച്ചതെന്നു രേഖപ്പെടുത്തിയിട്ടുള്ളതെന്നും ക്ഷേത്രത്തിൽ മറ്റാരുടെയോ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് നൽകിയതായാണ് സൂചനയെന്നും പോലീസ് പറഞ്ഞു.
ശൈശവ വിവാഹ നിരോധന നിയമ പ്രകാരമാണു കേസെടുത്തതെങ്കിലും പിന്നീടു രേഖകൾ തിരുത്തിയതിനു കൂടുതൽ വകുപ്പുകൾ ചുമത്തിയാണു കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് എസ്ഐ ജെ. അജിത്ത്കുമാർ പറഞ്ഞു. കൊക്കോതമംഗലത്തെ സോമരാജിന്റെ വീട്ടിൽനിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മായിത്തറ ജുവനൈൽ ഹോമിൽ കഴിയുന്ന പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. വിവാഹം നടന്ന ക്ഷേത്രത്തിൽ നൽകിയ സർട്ടിഫിക്കറ്റിന്റെ പകർപ്പും വിവാഹ രജിസ്റ്ററും പോലീസ് വിശദമായി പരിശോധിച്ചു തിരുത്തൽ വരുത്തരുതെന്നു നിർദേശം നൽകിയാണു മടക്കി നല്‍കിയത്.