ഹൂസ്റ്റണ്‍: അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യുസിന്റെ മൃതദേഹം ഡാളസ് മെഡിക്കൽ എക്സാമിനർ വിട്ടു കൊടുത്തു. ആർക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനർ പറഞ്ഞില്ല. കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന് സൂചനകളുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 7നാണ് കുട്ടിയെ ഡാലസിലെ മലയാളി ദന്പതികളുടെ വീട്ടിൽ നിന്ന് കാണാതാവുന്നത്. കുറച്ചുദിവസങ്ങൾക്കുശേഷം വീടിനു സമീപത്തെ കലുങ്കിനടയിൽനിന്നു ഷെറിന്റെ മൃതദേഹം കണ്ടെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ, നിർബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് വളർത്തച്ഛൻ വെസ്ലി മാത്യു പോലീസിൽ മൊഴി നൽകി.
ഷെറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കലുങ്കിനടിയിൽനിന്ന് കണ്ടെത്തിയതിനേത്തുടർന്നാണ് ഐടി കന്പനിയിലെ ജീവനക്കാരനായ വെസ്ലി അഭിഭാഷകനുമൊത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തിയത്. വെസ്ലി മാത്യുവിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മരണകാരണമായേക്കാവുന്ന വിധത്തിൽ മുറിവേൽപ്പിക്കൽ എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിനു 99 വർഷംവരെ തടവു ശിക്ഷ കിട്ടാമെന്നും പോലീസ് അറിയിച്ചു.
എറണാകുളം സ്വദേശികളായ വെ സ്ലിയും ഭാര്യ സിനിയും രണ്ടു വർഷം മുൻപാണ് ഷെറിനെ ബിഹാറിൽനിന്നു ദത്തെടുത്തത്. സിനി രജിസ്റ്റേർഡ് നഴ്സാണ്.