ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റൈ സ്വഭാവം പ്രവചനാതീതമാണെന്ന് സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ് പോലും മനസിലാക്കിയിട്ടുള്ളതാണ്. മിസൈലുകളും ആണവപരീക്ഷണങ്ങളും മാത്രമാണ് അദ്ദേഹത്തെ സദാ സന്തോഷിപ്പിക്കുന്നതെന്ന് കരുതിയിരിക്കുന്നവര്‍ക്കാണ് ഇത്തവണ തെറ്റിയിരിക്കുന്നത്. ഭാര്യയ്ക്കും സഹോദരിയ്ക്കുമൊപ്പം ഒരു കോസ്മെറ്റിക്സ് ഫാക്ടറിയില്‍ കിം സന്ദര്‍ശനം നടത്തുന്നതിന്റെ വാര്‍ത്തയാണ് ചിത്രങ്ങള്‍ സഹിതം ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാതുവേദിയില് ഇതുവരെ കാണാത്ത ഭാര്യയ്ക്കും അടുത്തിടെ രാജ്യത്തെ പ്രധാന നീതിനിര്‍വഹണ സമിതിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സഹോദരിയ്ക്കുമൊപ്പമാണ് കിം ഫാക്ടറയില്‍ എത്തിയതെന്നതും ചര്‍ച്ചയായിരിക്കുകയാണ്.
എന്തുകൊണ്ട് കോസ്മെറ്റിക്സ് ഫാക്ടറിയില്‍ ?
യുന്നിന്റെ നിര്‍ദേശത്തെതുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറ്റ് രാജ്യങ്ങളൊന്നും തന്നെ ഉത്തരകൊറിയയിലേയ്ക്ക് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ അയച്ചിരുന്നില്ല. പകരം, ഉത്തരകൊറിയ തനിയെയാണ് കോസ്മെറ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഉന്നതരെ മാത്രമല്ല, സാധാരണക്കാരെയും താന്‍ പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് കിം ഇങ്ങനെയൊരു സന്ദര്‍ശനം നടത്തിയതെന്നാണ് പൊതുവേ പറയപ്പെടുന്നത്. ചൈനയേയും ദക്ഷിണകൊറിയയേയും പോലെ തങ്ങള്‍ക്കും സ്വന്തം നിലയില്‍ ഉയരാന്‍ സാധിക്കും എന്ന് തെളിയിക്കുക എന്നതുകൂടിയാണ് കിമ്മിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.
ഭാര്യയും സഹോദരിയും
ഇതുവരെ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഭാര്യയെയും സഹോദരിയെയും സന്ദര്‍ശനത്തില്‍ ഒപ്പം കൂട്ടിയതെന്തിനാണെന്ന ചോദ്യവും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. രക്തബന്ധങ്ങള്‍ തനിക്ക് വളരെ വിലപ്പെട്ടതാണെന്നും തന്റെ കുട്ടികള്‍ തന്നെയാവും തന്റെ പിന്തുടര്ച്ചക്കാരാവുക എന്നും ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ സന്ദര്‍ശനത്തിലൂടെ കിമ്മിന്റെ മറ്റൊരു ലക്ഷ്യമെന്നുമാണ് ബിബിസി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കിമ്മിന്റെ മുന്‍ഗാമിയായ പിതാവും ഇതേ സ്ഥലത്ത് 14 വര്‍ഷങ്ങള്‍ക്കു മുമ്പ് എത്തിയതാണ്. ആണവ പരീക്ഷണത്തിനു സര്‍വസജ്ജരായ ഉത്തരകൊറിയയെ അമേരിക്ക ഒരു കാലത്തും അംഗീകരിക്കില്ല എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് പുതിയ ചിത്രം പുറത്തു വന്നിരിക്കുന്നത്. സാധാരണഗതിയില്‍ മിസൈലുകള്ക്കൊപ്പമോ, ആയുധങ്ങള്ക്കൊപ്പമോ പതിവുള്ള ഫോട്ടോകളില്‍ നിന്ന് വ്യത്യസ്തമായി സോപ്പിന്റെയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്ക്കൊപ്പവുമുള്ള പുതിയ ചിത്രം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.