ആലുവ: സ്വകാര്യ ബസ് ബൈക്കിനു പിന്നിലിടിച്ച് ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ഇന്നു രാവിലെ ആറരയോടെ ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിനു സമീപമായിരുന്നു അപകടം. പിതാവിനൊപ്പം ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മുപ്പത്തടം തെരുവിപറന്പിൽ ജെറോച്ചന്റെ മകൾ അനീസ ഡോളി (20) യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പിതാവ് ചികിത്സയിലാണ്. ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരിയാണ് മരിച്ച അനീസ.
രണ്ടാഴ്ച മുന്‍പാണ് അനീസയ്ക്ക് ബാങ്കിൽ ക്ലർക്ക് തസ്തികയിൽ ജോലി കിട്ടിയത്. അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് പോവാൻ പിതാവിനൊപ്പം പോകുന്പോഴായിരുന്നു അപകടം. ആദ്വൈതാശ്രമത്തിന് മുന്നിലുള്ള ഗട്ടറൊഴിവാക്കാനുള്ള ബസിന്റെ ശ്രമത്തിനിടയിലാണ് ബൈക്കിനു പിന്നിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അനീസ തത്ക്ഷണം മരിച്ചു. അനീസയെയും പിതാവ് ജെറോച്ചനേയും ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അനീസയുടെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മാതാവ്: മേരി. സഹോദരൻ: അരുണ്‍.