തിരിച്ചറിവില്ലാത്ത പ്രായത്തിൽ കൈയിൽ കിട്ടിയ പണത്തിന്റെ അഹങ്കാരത്തിൽ കാട്ടിക്കൂട്ടിയ പ്രവൃത്തികളെ ഓർത്ത് ദുഃഖിച്ച് ദിവസങ്ങൾ തള്ളിനീക്കുകയാണ് ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ യൂറോ മില്യണ്‍ ലോട്ടറി ജേതാവായ ജെയിൻ പാർക്കർ. ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ആവശ്യത്തിലേറ പണം കൈയിൽ വന്നപ്പോൾ ജെയിൻ ചിന്തിച്ചത് ഒരു കാര്യം മാത്രം. “എന്റെ പണം, എനിക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യും’.
പതിനേഴ് വയസ് മാത്രമുള്ളപ്പോഴാണ് ജെയിൻ യൂറോ മില്യണ്‍ ലോട്ടറി ജേതാവായത്. സൗന്ദര്യ വർധനയ്ക്കുള്ള പ്ലാസ്റ്റിക് സർജറികളാണ് ജെയിന്റെ സാധാരണ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. തന്റെ പ്രിയപ്പെട്ട ആരാധനാ കഥാപാത്രങ്ങളെ പോലെ ആയിതീരുവാൻ നിരവധി ശസ്ത്രക്രിയകൾക്കാണ് ഇവർ വിധേയയായത്. അതിനായി പണം വാരിയെറിഞ്ഞു. ജെയിന്റെ ശരീരത്തിൽ ശസ്ത്രക്രിയ കത്തി കടന്നുചെല്ലാത്ത ഒരിഞ്ചു സ്ഥലമില്ല.
ഇപ്പോൾ അത്യാഡംബര പൂർണമായ ജീവിതത്തിനു ശേഷം കൈയിലെ പണം തീർന്നപ്പോൾ നിരവധി രോഗങ്ങൾ മാത്രമാണ് 21കാരിയായ ജെയിനു കൂട്ട്. കൂടാതെ പണം നൽകി വാങ്ങിയ സൗന്ദര്യവും ഇവർക്ക് നഷ്ടമായി. ഇപ്പോൾ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണ് ജെയിൻ. പക്വതയില്ലാത്ത പ്രായത്തിൽ കൈയിൽ കിട്ടിയ പണമാണ് തന്റെ ഇപ്പൊഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ലോട്ടറിയിൽ വിജയിക്കാനുള്ള കുറഞ്ഞ പ്രായം പതിനാറിൽ നിന്നും പതിനെട്ട് ആക്കണമെന്നും ജെയിൻ പറയുന്നു. ജീവിതത്തെകുറിച്ച് തിരിച്ചറിവില്ലാത്ത പ്രായമാണ് ഇതെന്നും ജെയിൻ കൂട്ടിച്ചേർക്കുന്നു.
“17 വയസിൽ കോടീശ്വരിയായപ്പോൾ എന്നെ അസൂയയോടെയാണ് ആളുകൾ നോക്കിയത്. ഒരു ദിവസമെങ്കിലും ഇവളെ പോലെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു. അപ്പോഴും ഈ പണം ഉപയോഗിച്ച് ഉപകാരപ്രദമായത് എന്താണ് ചെയ്യണ്ടെതന്ന് എനിക്ക് അറിയില്ലായിരുന്നു. ലോട്ടറി അടിക്കുന്നതിനു മുന്‍പ് എത്രത്തോളം സന്തോഷം അനുഭവിച്ചോ അതിന്റെ ഇരട്ടി സങ്കടമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.ലോട്ടറിയിൽ വിജയിക്കേണ്ടായിരുന്നു. ആ വിജയമാണ് ഇത്രയും സങ്കടം എനിക്കു നൽകുന്നത്…’ -ജെയിൻ പറഞ്ഞു.