കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജില്ലയിൽ മൂന്നുദിവസം പര്യടനം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എ.ഡി. മുസ്തഫ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകുന്നേരം അഞ്ചിന് പയ്യന്നൂർ ഗാന്ധി മൈതാനത്താണ് ജില്ലയിലെ ആദ്യ സ്വീകരണം. ജാഥയുടെ ഒന്നാംദിവസം വൈകുന്നേരം ആറിന് തളിപ്പറന്പ് ടൗൺ സ്ക്വയറിൽ സമാപിക്കും.
ജാഥയുടെ രണ്ടാംദിവസം മൂന്നിന് രാവിലെ ഒൻപതിന് കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകും. തുടർന്ന് മൂന്നിന് ചക്കരക്കൽ ടാക്സി സ്റ്റാൻഡ്, നാലിന് തലശേരി പുതിയബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും.
നാലിന് രാവിലെ 11ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ആരംഭിക്കുന്ന ജാഥ മൂന്നിന് ഇരിട്ടി ടൗൺ, നാലിന് മട്ടന്നൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണത്തിനുശേഷം പാനൂർ ടൗണിൽ സമാപിക്കും. തുടർന്ന് വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. പ്രചാരണ ജാഥയുടെ മുന്നോടിയായി കലാസാംസ്കാരിക ജാഥകൾ സംഘടിപ്പിക്കും. ഡിസിസി പ്രസിഡന്റ് സതീശൻപാച്ചേനി, വി.കെ. അബ്ദുൾഖാദർ മൗലവി, സി.എ. അജീർ, ഇല്ലിക്കൽ ആഗസ്തി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.