അജിത് ജി. നായര്‍
“കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ ശക്തിയോടെ’’ ലോക കായികമേളയായ ഒളിമ്പിക്സിന്റെ ആപ്തവാക്യമാണിത്. ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ ചക്രവര്‍ത്തി കിഡംബി ശ്രീകാന്തിന്റെ പ്രകടനത്തെ ഉപമിക്കാന്‍ ഇതിലും നല്ല വാക്യങ്ങളില്ല. അതിവേഗത്തിലാണ് ശ്രീകാന്ത് ബാഡ്മിന്റണ്‍ ലോകത്തെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുന്നത്.
പ്രകാശ് പദുക്കോണും പുല്ലേല ഗോപിചന്ദും എത്തിയതിലും ഉയരത്തിലേക്കാണ് ശ്രീകാന്തിന്റെ കുതിപ്പ്. ഓരോ ടൂര്‍ണമെന്റു കഴിയുമ്പോഴും ശ്രീയുടെ കരുത്തും വര്‍ധിച്ചു വരുന്നു. ഈ വര്‍ഷം നേടിയ നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ അതിന് ദൃഷ്ടാന്തമാണ്.
ബാഡ്മിന്റണ്‍ കുറെക്കാലമായി മംഗോളിയന്‍ വംശജരുടെ കുത്തകയായിരുന്നു. ഇടയ്ക്കെപ്പോഴെങ്കിലും ആരുടെയെങ്കിലും ഒറ്റപ്പെട്ട പ്രകടനമുണ്ടാകുമെന്നു മാത്രം. ഏറെക്കാലമായി ചൈനയായിരുന്നു ബാഡ്മിന്റണ്‍ ലോകം അടക്കിഭരിച്ചത്. ചൈനയുടെ ആ അപ്രമാദിത്വത്തിന് വെല്ലുവിളിയുയര്ന്നിട്ട് ഏറെക്കാലമായില്ല. അതിനു വഴിമരുന്നിട്ടതാവട്ടെ ഇന്ത്യക്കാരും.
ചൈനയെ വിറപ്പിച്ച ആദ്യ പോരാളി സൈന നെഹ്വാളായിരുന്നു. പിന്നാലെ പി.വി. സിന്ധുവും. ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായി ചൈനീസ് താരങ്ങളെ തോല്‍പ്പിക്കുമ്പോഴും ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ അത്ര ഉണര്‍ന്നിരുന്നില്ല. പി. കാശ്യപിന്റെയും അജയ് ജയറാമിന്റെയും പോലുള്ള ഒറ്റപ്പെട്ട പ്രകടനങ്ങള്‍ ഒരു സൂപ്പര്‍ സീരിസ് കിരീട നേട്ടത്തില്‍ എത്തിയിരുന്നില്ല.
എന്നാല്‍, 2014ലെ ചൈനാ ഓപ്പണില്‍ ആ കാത്തിരിപ്പ് അവസാനിച്ചു. ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നുള്ള 21 കാരന് കിഡംബി ശ്രീകാന്ത് ഇന്ത്യക്ക് പുരുഷ വിഭാഗത്തില്‍ ആദ്യ സൂപ്പര്‍സീരീസ് കിരീടം നേടിക്കൊടുത്തു. അതിനെ ഒരു സൂപ്പര്‍ വിജയമെന്നു തന്നെ വിളിക്കണം.
കാരണം അന്ന് ശ്രീകാന്ത് ഫൈനലില്‍ തോല്‍പ്പിച്ച താരം ലിന് ഡാന്‍ ആണെന്നുള്ളതു തന്നെ. ബാഡ്മിന്റണ്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതാരമെന്നു ലോകം വാഴ്ത്തുന്ന ലിന് ഡാനെ തോല്‍പ്പിച്ച് ആദ്യ സൂപ്പര്‍ സീരീസ് നേടിയ പയ്യന് നിസാരക്കാരനല്ലെന്ന് അന്നേ ആളുകള്‍ പറഞ്ഞു തുടങ്ങിയിരുന്നു.
ആദ്യ സൂപ്പര്‍ സീരീസ് കിരീടനേട്ടം ശ്രീകാന്തിനെ കരിയറിലെ മികച്ച റാങ്കായ മൂന്നിലെത്തിച്ചു. എന്നാല്‍ അതിനു ശേഷം പ്രകടനത്തിലെ സ്ഥിരത നിലനിര്‍ത്താന്‍ ശ്രീകാന്തിനു കഴിഞ്ഞില്ല. ശ്രീകാന്തിന്റെ രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടനേട്ടം ഇന്ത്യക്കാര്‍ കണ്ടത് 2015ല്‍ സ്വന്തം മണ്ണില്‍ തന്നെയായിരുന്നു.
ഇന്ത്യ ഓപ്പണില്‍ ഇപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ ആക്സല്സനെയായിരുന്നു അന്ന് ശ്രീകാന്ത് തോല്‍പ്പിച്ചത്. പിന്നെ ഫോമില്ലായ്മയുടെ നാളുകളായിരുന്നു. സയ്യിദ് മോദി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ ചില ഗ്രാന്‍പ്രീ ഗോള്‍ഡ് കിരീടങ്ങള്‍ നേടിയതും. റിയോ ഒളിമ്പിക്സിന്റെ ക്വാര്ട്ടറിലെത്തിയതുമായിരുന്നു ഇക്കാലളവില്‍ ശ്രീയുടെ പ്രധാന നേട്ടങ്ങള്‍.
എന്നാല്‍ 2017ല്‍ കണ്ടത് പുതിയ ഒരു ശ്രീകാന്തിനെയായിരുന്നു. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലിലെത്തിയാണ് ശ്രീ സീസണ് ഹരിശ്രീ കുറിച്ചത്. എന്നാല്‍ ഫൈനലില്‍ മറ്റൊരിന്ത്യക്കാരനായ സായ് പ്രണീതിനോടു പരാജയപ്പെട്ടു. ഇതൊരു തുടക്കം മാത്രമായിരുവെന്ന് പിന്നീടുള്ള ശ്രീയുടെ പ്രകടനം കണ്ട ആരാധകര്‍ മനസില്‍ പറഞ്ഞിരിക്കണം.
ഇന്തോനേഷ്യന്‍ ഓപ്പണില്‍ വിജയിച്ചാണ് ശ്രീ ഈ വര്‍ഷത്തെ സൂപ്പര്‍ സീരീസ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നെ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ ചെന്ലോങിനെ തകര്‍ത്ത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് കിരീടം. പിന്നെ ദക്ഷിണകൊറിയയുടെ 37വയസുകാരന് താരം ലീ ഹ്യൂന് ഇലിനെ തോല്‍പ്പിച്ച ഡെന്മാര്ക്ക് ഓപ്പണ്‍. ഇപ്പോള്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടയെ തോല്‍പ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസും. പുരുഷ സിംഗിള്‍സില്‍ ഒരു വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരിടം നേടുന്ന നാലാമത്തെ മാത്രം താരമാണ് ശ്രീകാന്ത്.
ഇതിഹാസ താരങ്ങളായ ലിന് ഡാന്‍, ലീ ചോങ് വീ, മുന്‍ ഒന്നാം നമ്പര്‍ ചെന്‍ ലോങ് എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ശ്രീകാന്തിനൊപ്പമുള്ളത്. ശ്രീകാന്ത് നേട്ടങ്ങളുടെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോള്‍ മനം നിറയുക പുല്ലേല ഗോപിചന്ദ് എന്ന പരിശീലകനു കൂടിയാണ്. തനിക്കു കഴിഞ്ഞതിലേറെ പ്രിയശിഷ്യനു കഴിയുമെന്നതില്‍ ഈ ഗുരുവിനു സംശയമില്ല. 121 കോടി ഇന്ത്യക്കാരുടെ മനസിലേക്ക് സ്മാഷ് പായിച്ച് ശ്രീകാന്ത് മുന്നേറുകയാണ്…ബാഡ്മിന്റണിന്റെ പുതിയ ലോകങ്ങള്‍ കീഴടക്കാനായി…