കൊല്ലം: കെ എം എം എം എൽ എം എസ് പ്ലാന്റിലേക്കുള്ള ഇരുമ്പ് നടപ്പാലം തകർന്ന് ടി എസ് കനാലിലേക്ക് പതിച്ച് കമ്പനി ജീവനക്കാരായ മൂന്ന് പേർ മരിച്ച സംഭവത്തെത്തുടർന്ന് വെള്ളത്തിൽ വല്ലവരും അകപ്പെട്ടിട്ടുണ്ടോ എന്നറിയാനായി ഫയർ ഫോഴ്സ് മുങ്ങൽ വിദഗ്ധസംഘമെത്തി രാവിലെ എട്ടുമുതൽ തിരച്ചിൽ തുടങ്ങി. അപകടത്തിൽ 45 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
പന്മന കൊല്ലക കൈരളിയിൽ പരേതനായ പി ആർ ചന്ദ്രശേഖരപിളളയുടെ ഭാര്യ ശ്യാമളാ ദേവിയമ്മ (57), പന്മന മേക്കാട് ഫിലോമിന മന്ദിരത്തിൽ പരേതനായ ക്രിസ്റ്റഫറുടെ ഭാര്യ റെയ്ച്ചൽ എന്നു വിളിക്കുന്ന ആഞ്ചലീന (45), പന്മന മേക്കാട് ജിജിവിൻ വില്ലയിൽ ഡോ. ഷിബുവിന്റെ ഭാര്യ അന്നമ്മ (45) (ഷീന) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കാര ചടങ്ങ് ഉണ്ടായേക്കും.
ഇന്നലെ രാവിലെ 10.30 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പൊന്മനയിലെ കുടിയൊഴിപ്പിക്കപ്പെട്ട മൈനിംഗ് തൊഴിലാളികുടുംബങ്ങൾ തൊഴിൽ പ്രശ്നമുന്നയിച്ച് കമ്പനിക്ക് മുന്നിൽ സമരം നടത്തിയ ശേഷം പാലത്തിൽ കയറി തിരിച്ച് പോകാനൊരുങ്ങുകയും ഇതേ സമയം തന്നെ കമ്പനിയിലേക്ക് പ്രവേശിക്കാനായി ജീവനക്കാരും പാലത്തിൽ കയറിയിറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പാലത്തിന്റെ പടിഞ്ഞാറ് വശത്തെ ഇരുമ്പ് തൂണിളകി വശത്തേക്ക് ചരിയുകയായിരുന്നു. ആളുകൾ ഒരു വശത്തേക്ക് ചരിഞ്ഞതോടെ പാലത്തിന്റെ നടുഭാഗം ഒടിഞ്ഞ് കനാലിലേക്ക് പതിച്ചു. കമ്പികൾക്കിടയിൽ കുരുങ്ങിയും തെറിച്ചു വെള്ളത്തിൽ വീണവരുടെ മുകളിലേക്ക് പാലം തകർന്ന് വീണുമാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സർക്കാർ നൽകുമെന്ന് മന്ത്രി മേഴ്സി കുട്ടിയമ്മ അറിയിച്ചു. ഇരുമ്പ് നടപ്പാലം തകർന്ന് അപകടമുണ്ടായ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടം നടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ് സർക്കാർ പൂർണമായും വഹിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു . പാലം തകർന്ന് അപകടമുണ്ടാകാനിടയുള്ള സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
2004 ൽ കന്പനി മാനേജ്മെന്റ് നിർമിച്ച നടപ്പാലം കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചിട്ടുള്ളതാണ്. കഴിഞ്ഞ 13 വർഷക്കാലത്തിനിടയിൽ കാതലായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാലത്തിൽ നടത്തിയിട്ടില്ല. പാലത്തിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് ആശങ്കയുണ്ടായതിന്റെ അടിസ്ഥാനത്തിൽ പാലം പുതുക്കിപ്പണിയാനുള്ള നിർദേശങ്ങൾ നേരത്തെ പരിഗണിക്കപ്പെട്ടെങ്കിലും തുടർ പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല.
പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. നാല് ദശാബ്ദക്കാലത്തോളം പഴക്കമുള്ള കെഎംഎംഎൽ പ്ലാന്റും അനുബന്ധ സംവിധാനങ്ങളും കാലപ്പഴക്കം കൊണ്ടും പരിപാലനക്കുറവുകൊണ്ടും സുരക്ഷാപരമായ ആശങ്ക നേരിടുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സുരക്ഷാവീഴ്ചമൂലമുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദഗ്ധരടങ്ങുന്ന ഏജൻസിയെ കൊണ്ടുള്ള സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. കെഎംഎംഎൽ എം എസ് യൂണിറ്റിലെ പാലം തകർന്നത് കന്പനി ജീവനക്കാരുടെ അനാസ്ഥയാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നു.
ഏകദേശം നാൽപതടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് ബലമില്ലാത്തതാണ് പാലം തകർന്ന് വീഴാൻ കാരണം. പാലത്തിന്റെ തൂണുകൾ പിഴുത് തകരാൻ കാരണം പാലത്തിന്റെ ബലക്ഷയമില്ലായ്മയാണ് ഇത്തരം ഒരു ദുരന്തത്തിനിടയാക്കിയത്. കാലാകാലങ്ങളിൽ പാലം ബലപ്പെടുത്തുന്ന ഒരു നടപടിയും കന്പനിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
വല്ലപ്പോഴും കുറച്ച് പെയിന്റടിക്കുന്നതാണ് അധികൃതരുടെ ബലപ്പെടുത്തൽ. കെഎംഎംഎൽ എംഎസ് യൂണിറ്റിന് പടിഞ്ഞാറ് വശത്തെ പാലത്തിന്റെ രണ്ട ് തൂണും പിഴുത് തകരുകയായിരുന്നു. ഏകദേശം 17 വർഷത്തെ പഴക്കമുളള പാലത്തിന്റെ നിർമാണത്തിൽ വേണ്ട ത്ര മേൽനോട്ടം കന്പനിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നാണ് പൊതുവേയുളള ആക്ഷേപം.