സ്വന്തം ലേഖകൻ
തൃശൂർ: ജിഎസ്ടി നടപ്പാക്കി നാലു മാസമായിട്ടും വെബ്സൈറ്റിന്റെ ശേഷിക്കുറവുമൂലം റിട്ടേണ്‍ സമർപ്പിക്കാനാകാതെ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നു കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ.
ആയിരക്കണക്കിനു ചെറുകിട വ്യാപാരികളും അവർക്കുവേണ്ടി നികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ടാക്സ് കണ്‍സൾട്ടന്റുമാരും അടച്ചുപൂട്ടിക്കൊണ്ടിരിക്കുയാണ്.
ജിഎസ്ടി നടപ്പാക്കിയ ആദ്യമാസം 66 ലക്ഷം വ്യാപാരികൾ രജിസ്റ്റർ ചെയ്തെങ്കിൽ കഴിഞ്ഞ മാസം 37 ലക്ഷം വ്യാപാരികൾ മാത്രമാണു റിട്ടേണ്‍ ഫയൽ ചെയ്തത്. അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ജിഎസ്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫീസുകൾ നാളെ സംസ്ഥാന വ്യാപകമായി അടച്ചു പണിമുടക്കും. കേന്ദ്ര എക്സൈസ് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തുകയും ചെയ്യും.
വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്കു മാത്രമേ യഥാസമയം റിട്ടേണുകൾ സമർപ്പിക്കാനാകൂവെന്ന അവസ്ഥയിലാണു ജിഎസ്ടിയുടെ വെബ്സൈറ്റിന്റെ പ്രവർത്തനമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നവംബർ പത്തിനു ഗോഹട്ടിയിൽ ചേരുന്ന ജിഎസ്ടി കൗണ്‍സിലിൽ ഈ വിഷയങ്ങൾ പരിഹാരം കാണണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.വി. വിനോദ്, സി. ജയചന്ദ്രൻ, പി.ഡി. സൈമണ്‍, സുജാത രാമചന്ദ്രൻ, സി.കെ. ബിജോയ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.