കടുത്തുരുത്തി: ഹോം നഴ്സായി ജോലി നോക്കുന്നതിനിടെ വയോധികയുടെ അഞ്ച് പവന്റെ സ്വർണമാലയുമായി കടന്നു കളഞ്ഞ യുവതിയെ പോലീസ് പിടികൂടി. യുവതി ജോലിക്കെത്തിയ ഏജൻസിയുടെ സഹായത്തോടെയാണ് അറസ്റ്റ്. നാഗർകോവിൽ സ്വദേശിയായ വണ്ടിപ്പെരിയാർ പുതുവൽ ഇന്ദിരാ മാണിക്യം (35) ആണ് അറസ്റ്റിലായത്.
ഞീഴൂർ തുരുത്തിപ്പള്ളിൽ മറിയാമ്മ ജോസഫ് (76) ന്റെ മാലയാണ് ഇവർ മോഷ്ടിച്ചത്. മക്കൾ വിദേശത്തുള്ള മറിയാമ്മയുടെ വീട്ടിൽ ഉഴവൂരുള്ള ഏജൻസി വഴിയാണ് ഇന്ദിരാ മാണിക്യം ജോലിക്കെത്തുന്നത്. കാഴ്ച്ചയ്ക്കു പ്രശ്നങ്ങളുള്ള മറിയാമ്മ ധരിച്ചിരുന്നത് അഞ്ച് പവന്റെ സ്വർണമാലയായിരുന്നു. ഇതു മനസിലാക്കിയ ഇന്ദിര ഇതേ തൂക്കവും ഫാഷനിലുമുള്ള വരവുമാല ഉണ്ടാക്കിയ ശേഷം മറിയാമ്മ മാല ഉൗരി വച്ച സമയത്ത് മാറിയെടുക്കുകയായിരുന്നു.
പിന്നീട് സെപറ്റ്ബർ 19ന് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞു ഇന്ദിര സ്ഥലം വിട്ടു. മൂന്ന് ദിവസങ്ങൾക്കു ശേഷം മറിയാമ്മയുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് മാല വരവാണെന്ന് മനസിലാക്കിയതും തുടർന്ന് കടുത്തുരുത്തി പോലീസിൽ പരാതി നൽകുന്നതും.
ഞീഴൂരിലെ വീട്ടിൽ നിന്നു പോയ ശേഷം ഇന്ദിരയുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് ഈ വിവരം ഉഴവൂരിലെ ഏജൻസിയിൽ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഏജൻസി ഓഫീസിലേക്കു വിളിച്ച ഇന്ദിര ജോലിയുടെ കാര്യങ്ങൾ തിരക്കിയപ്പോൾ പോലീസ് പറഞ്ഞതനുസരിച്ച് ഏജൻസി അധികൃതർ തന്ത്രപൂർവം ഇവരെ വിളിച്ചു വരുത്തുകയായിരുന്നു.