പ്രായപൂര്‍ത്തിയാകും മുമ്പ് ഒളിച്ചോടി പോലീസ് പിടിച്ച് വീടുകളില്‍ തിരിച്ചെത്തിയ കമിതാക്കള്‍ 18 വയസ് തികഞ്ഞ ശേഷം വീണ്ടും ഒളിച്ചോടിയപ്പോഴും പോലീസ് പിടിയിലായി. പക്ഷേ ഇത്തവണ കേസ് മോഷണമായെന്ന് മാത്രം. ചേരാനെല്ലൂര്‍, എറണാകുളം സ്വദേശീകളായ കാമുകീ കാമുകന്മാരാണ് സിനിമയെ വെല്ലും വിധത്തില്‍ സംസാരവിഷയമായ ഒളിച്ചോട്ടത്തിനും മോഷണത്തിനും പിടിയിലായത്.
കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടി എന്ന കാമുകിയും മോഷ്ടിച്ച ബൈക്കിലായിരുന്നു രണ്ടാമത് ഒളിച്ചോടിയത്്. പക്ഷേ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ പിന്നീട് പണം കണ്ടെത്താന്‍ മോഷണമല്ലാതെ മാര്‍ഗമില്ലാതെ വരികയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ അറയ്ക്കല്‍ കുറുപ്പത്ത് ഹംസയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം അയാളുടെ സ്ഥാപനത്തില്‍ നിന്നും കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഇരുവരെയും കടയുടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു മോഷണശ്രമം. കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു ഇരുവരുമെത്തിയത്. ഉള്ളയാള്‍ക്കാര്‍ പോകുന്ന വരെ ഇരുവരും സാധനങ്ങളുടെ വില ചോദിച്ച് അവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയും മറ്റുള്ളവര്‍ പോയപ്പോള്‍ എക്സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.
ഒളിച്ചോടാന്‍ ഇവര്‍ ഉപയോഗിച്ച ബൈക്കും മോഷണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെത്തിയ സൗരവ് വാഹനം ഓടിച്ചുനോക്കണമെന്ന് പറഞ്ഞ് ആദ്യം അല്‍പ്പദൂരം ഓടിച്ച ശേഷം തിരിച്ചെത്തി വാഹന ഉടമയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം വീണ്ടും ഓടിച്ചു നോക്കണമെന്ന് പറഞ്ഞ് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു. പിന്നീട് എറണാകുളത്തെത്തി ബൈക്കിന്റെ റജിസ്ട്രേഷനും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മൊത്തം മാറ്റം വരുത്തുകയും ചെയ്തു.