ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്നു തുടക്കമാകും. ഇന്ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ന്യൂസിലൻഡ് നേരിടുന്ന ചില ബോളുകള്‍ക്ക് ധന്യതയുടെ മാധുര്യം കൂടിയുണ്ടാകും. ആശിഷ് നെഹ്റ എന്ന ഇന്ത്യന്‍ ബൗളറുടെ 18 വര്‍ഷം നീണ്ട കായികജീവിതത്തിന് വിജയകരമായ വിരാമം കുറിക്കുന്ന പന്തുകളാവും അത്.
അവ നേരിടുന്ന കിവികളും ചരിത്രത്തിലേക്കു നടന്നു കയറും. ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം തന്റെ കരിയറിലെ അവസാന അന്താരാഷ് ട്ര മത്സരമാണെന്ന് നെഹ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു. താന്‍ പിച്ചവച്ചു തുടങ്ങിയ, ആദ്യമായി പന്തെറിഞ്ഞ മണ്ണില്‍ മുത്തമിട്ടു വിരമിക്കുക എന്ന അപൂര്‍വധന്യത ഏതു കായികതാരമാണ് ആഗ്രഹിക്കാത്തത്. വിജയിച്ചു വിരമിക്കുക എന്നൊരു സ്വപ്നം കൂടിയുണ്ടാവണം നെഹ്റയുടെ മനസില്‍. ധന്യതയുടെ മധുരം പുരട്ടിയ ഇന്നത്തെ പന്തുകള്‍ക്ക് കൃത്യതയുടെ മുനയും വേഗത്തിന്റെ തീച്ചൂടും ഉണ്ടാകുമെന്നു സാരം.
ഇന്നോടെ മത്സരക്രിക്കറ്റിന്റെ ഭാഗമല്ലാതാകുന്ന നെഹ്റയുടെ കായികജീവിതം ഏറെ ഉയര്‍ച്ചതാഴ്ചകളുടെയും തിരിച്ചുവരവുകളുടേതുമാണ്. മുറിവുകളും ചതവുകളും ഘോഷയാത്ര നടത്തിയ കരിയറില്‍, പ്രതിസന്ധികള്‍ക്കുമേല്‍ ചവിട്ടി നിന്നു പന്തെറിഞ്ഞ് രാജ്യത്തിനു വേണ്ടി വിജയം നേടി. ഇനി സ്വന്തം ദേശത്ത് നാട്ടുകാരുടെ മുന്നില്‍ ഒരു ഉജ്വല വിജയം കൂടി രാജ്യത്തിനു സമ്മാനിക്കണം.
ഇന്നു മത്സരത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ ആഗ്രഹവും അതുതന്നെയാണ്. വീരനായകന് ഉചിതമായ വിടനല്കല്. അതിനായി ആദ്യമത്സരം വിജയിച്ചേ പറ്റൂ. തോല്‍വിയോടെ മടക്കം എന്ന സങ്കടത്തിലേക്ക് പ്രിയസുഹൃത്തിനെ തള്ളിവിടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
ട്വന്റി 20 ഫോര്‍മാറ്റില്‍ കിവികള്‍ അത്ര നിസാരക്കാരല്ല എന്നാണ് ഇന്ത്യയുടെ അനുഭവം. ഇന്നുവരെ ന്യൂസിലന്‍ഡിനോട് ട്വന്റി 20യില്‍ വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല എന്നത് വെല്ലുവിളി തന്നെയാണ്. ഏറ്റവുമൊടുവില്‍ 2016 ഐസിസി ട്വന്റി 20 ലോകകപ്പിലാണു കിവികള്‍ക്കു മുന്നില്‍ ഇന്ത്യ കീഴടങ്ങിയത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് , ശ്രീലങ്ക തുടങ്ങി മുന്‍നിര ടീമുകളെയെല്ലാം തോല്‍പ്പിച്ച ഇന്ത്യക്ക് കിവികളോടേറ്റ പരാജയം അഭിമാനത്തിനേറ്റ അടിയായി അവശേഷിക്കുകയാണ്.
തൊട്ടുമുമ്പ് ഓസ്ട്രേലിയയ്ക്കുമേല്‍ നേടിയ ഏകദിന വിജയവും കിവികളുമായുള്ള ഏകദിന പരമ്പരനേട്ടവും നല്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശക്തമായ ഓള്‍റൗണ്ട് നിരയും മികച്ച ഫോമില്‍ നില്ക്കുന്ന ടീമും കഴിഞ്ഞ പരമ്പരയിലെ പ്രകടനം ട്വന്റി 20യിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയിലൂടെ അതിവേഗത്തില്‍ 9000 റണ്‍സ് തികച്ച ബാറ്റ്സ്മാന് എന്ന റിക്കാര്‍ഡിനുടമയായ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ കണ്ണും മനസും ഉറച്ചിരിക്കുന്നത് ട്വന്റി 20 പരമ്പര ജയത്തിലാണ്.
ബൗളിംഗില്‍ ആശിഷ് നെഹ്റയ്ക്കൊപ്പം ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് നായകന്റെ തുറുപ്പുചീട്ട്. ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിനു കരുത്തു കൂട്ടും. സ്പിന്‍ദ്വയം യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ ടീമിലുണ്ട്.
ഇതുവരെയുള്ള ട്വന്റി 20കളില്‍ ഇന്ത്യക്കുമേല്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ന്യൂസിലന്‍ഡ് ഇന്ന് കളത്തിലിറങ്ങുക. നെഹ്റയുടെ സ്വപ്നം പൂവണിയിക്കാനായി ടീം ഇന്ത്യയും.
ഇന്ത്യന്‍ ടീം
വിരാട് കോഹ്ലി , രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, ശിഖര്‍ ധവാന്, മഹേന്ദ്ര സിംഗ് ധോണി, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ആശിഷ് നെഹ്റ, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍
ന്യൂസിലന്‍ഡ്
കെയ്ന്‍ വില്യംസണ് , ടോഡ് ആസ്റ്റില്‍, ട്രെന്‍ഡ് ബോള്‍ട്ട്, ടോം ബ്രൂസ്, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മാര്ട്ടിന് ഗപ്റ്റില്‍, മാറ്റ് ഹെന്‍ട്രി, ടോം ലഥാം, ഹെന്‍ട്രി നിക്കോള്‍സ്, ആദം മില്‍നെ, കോളിന് മുന്റോ, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി.