കോട്ടയം: ഭർത്താവിന്റെ പിടിവാശിക്കുമുന്നിൽ കുടുംബജീവിതം നഷ്ടമായ മണിമല സ്വദേശിനിയായ യുവതിയുടെ ആവലാതികൾക്കു മുന്നിൽ പകച്ച് വനിതാക്കമ്മീഷൻ അംഗങ്ങൾ. വൈകല്യംബാധിച്ച ഒന്നരവയസുള്ള കുട്ടിയെ ഒഴിവാക്കിയാൽ ഒന്നിച്ചുജീവിക്കാമെന്നാണു ഭർത്താവിന്റെ നിർദേശം.
സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന കോട്ടയത്തു കേരളത്തിന്റെ പിന്നോക്കമേഖലയിൽപോലും സംഭവിക്കാത്ത കാര്യങ്ങളാണെന്നു വനിതാക്കമ്മീഷൻ അംഗങ്ങളായ എം.എസ്. താര, ഇ.എം. രാധ, ഷിജി എന്നിവർ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാക്കമ്മീഷൻ മെഗാഅദാലത്തിൽ കുട്ടികൾക്കു വൈകല്യം ബാധിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചുവെന്നും ജീവിതച്ചെലവിനും കുട്ടികളുടെ ചികിത്സയ്ക്കും ആവശ്യമായ പണംനൽകുന്നില്ലെന്നുമുള്ള പരാതിയുമായെത്തിയത് രണ്ട് യുവതികൾ.
ജന്മനാ വൈകല്യംബാധിച്ച, ശാരീരികമായ അവശതനേരിടുന്ന ഒന്നരവയസുള്ള പിഞ്ചുകുട്ടിയെ ഉപേക്ഷിച്ചെത്തിയാൽ ഒന്നിച്ചുജീവിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഗൾഫിലുള്ള ഭർത്താവിന്റെ നിലപാട്. ഇതംഗീകരിക്കാൻ യുവതി തയാറായില്ല. കുട്ടിയെ വേണ്ടാത്തയാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. സാന്പത്തികപ്രയാസംമൂലം കുട്ടിയുടെ ചികിത്സ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാമൂഹ്യ നീതിവകുപ്പ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും 18വയസ് വരെയുള്ള കുട്ടികൾക്കായുള്ള കിരണ്‍ പദ്ധതിയിൽപ്പെടുത്തി സൗജന്യചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പിനു കത്ത് അയക്കാൻ വനിതാക്കമ്മീഷൻ തീരുമാനിച്ചു.
രണ്ട് കുട്ടികളുടെ മാതാവായ കോട്ടയം സ്വദേശിനിയും സമാനരീതിയിലുള്ള പരാതിയാണ് നൽകിയത്. വൈകല്യംബാധിച്ച ഒന്‍പതുവയസുകാരിയെ ഒഴിവാക്കാത്തതിന്റെ പേരിൽ ഉപേക്ഷിച്ചുപോയ തിരുനെൽവേലി സ്വദേശിയായ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. ഒപ്പം താമസിക്കുന്ന നാലുവയസുകാരനും കുട്ടിയുടെ ചികിത്സയ്ക്കും ചെലവിനും പണം തരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയത്. ഭർത്താവിനുവേണ്ടി അഭിഭാഷകനാണ് ഹാജരായത്. കുട്ടിയുടെ പേരിൽ ഭാര്യയെ ഉപേക്ഷിച്ച ഭർത്താവിന്റെ ഭാഗംകൂടി കേൾക്കാൻ കേസ് ഡിസംബർ ആദ്യവാരത്തിലെ അദാലത്തിലേക്കു മാറ്റി.
ആകെ 81പരാതികളാണ് ലഭിച്ചത്. 27 എണ്ണം തീർപ്പാക്കി. 14 കേസുകളിൽ പോലീസ് റിപ്പോർട്ട് തേടിയപ്പോൾ മറ്റുള്ളവയിൽ കക്ഷികൾ ഹാജരായിരുന്നില്ല. അടുത്ത അദാലത്ത് നവംബർ 18നു കോട്ടയത്തു നടക്കും. വനിതാ കമ്മീഷൻ അംഗങ്ങളായ ഇ.എം.രാധ, എം.എസ്. താര, ഷിജി ശിവജി, കമ്മീഷൻ ഡയറക്ടർ വി.യു. കുര്യാക്കോസ്, എം.പി. തങ്കം, സി.എ. ജോസ്, ഷൈനി ഗോപി, സി.ജി. സേതുലക്ഷ്മി, പോലീസ് ഉദ്യോഗസ്ഥരായ ഫിലോമിന എൻ., ഷീന സി.കെ, ഉദ്യോഗസ്ഥരായ സിന്ധ്യ, ശ്രീദേവി, മധു എന്നിവർ പങ്കെടുത്തു.