കടുത്തുരുത്തി: ഹോം നഴ്സായി ജോലി നോക്കുന്നതിനിടെ വയോധികയുടെ അഞ്ച് പവന്റെ സ്വർണമാലയുമായി കടന്നുകളഞ്ഞ യുവതി പോലീസിന്റെ പിടിയിലായി. യുവതിയെ ജോലിക്കയച്ച ഏജൻസിയുടെ സഹായത്തോടെയാണ് അറസ്റ്റ്. നാഗർകോവിൽ സ്വദേശിയായ വണ്ടിപെരിയാർ പുതുവൽ ഇന്ദിരാ മാണിക്യം (35) ആണ് അറസ്റ്റിലായത്.
ഞീഴൂർ തുരുത്തിപ്പള്ളിൽ മറിയാമ്മ ജോസഫി(76) ന്റെ മാലയാണ് ഇവർ മോഷ്ടിച്ചത്. മക്കൾ വിദേശത്തുള്ള മറിയാമ്മയുടെ വീട്ടിൽ ഉഴവൂരുള്ള ഏജൻസി വഴിയാണ് ഇന്ദിരാ മാണിക്യം ജോലിക്കെത്തുന്നത്. മറിയാമ്മ ധരിച്ചിരുന്നത് അഞ്ച് പവന്റെ സ്വർണമാലയായിരുന്നു. മറിയാമ്മയ്ക്കു കാഴ്ച്ചയ്ക്കു പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു മനസിലാക്കിയ ഇന്ദിര മറിയാമ്മ ധരിച്ചിരുന്ന മാലയുടെ അതേ തൂക്കവും ഫാഷനിലുമുള്ള വരവുമാല ഉണ്ടാക്കിയ ശേഷം മറിയാമ്മ മാല ഉൗരിവച്ച സമയത്ത് മാറിയെടുക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബർ 19 ന് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞു ഇന്ദിര മാലയുമായി സ്ഥലം വിട്ടു.
മൂന്ന് ദിവസങ്ങൾക്കു ശേഷം മറിയാമ്മയുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് മറിയാമ്മ ധരിച്ചിരിക്കുന്ന മാല വരവാണെന്ന് മനസിലാക്കിയതും തുടർന്ന് കടുത്തുരുത്തി പോലീസിൽ പരാതി നൽകുന്നതും. ഞീഴൂരിലെ വീട്ടിൽനിന്നും പോയ ശേഷം ഇന്ദിരയുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് മാല മോഷണത്തിന്റെ വിവരം ഇന്ദിരയെ തുരുത്തിപള്ളിൽ വീട്ടിലേക്ക് ജോലിക്കയച്ച ഉഴവൂരിലെ ഏജൻസിയിൽ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഏജൻസി ഓഫീസിലേക്കു വിളിച്ച ഇന്ദിര എവിടെയങ്കിലും ജോലി ഒഴിവുണ്ടോയെന്നു അന്വേഷിച്ചിരുന്നു. ഇന്ദിര വിളിച്ചാൽ പറയേണ്ട കാര്യങ്ങൾ നേരത്തെ തന്നെ മനസിലാക്കിയിരുന്നതിനാൽ പോലീസ് പറഞ്ഞതനുസരിച്ചു ഏജൻസി അധികൃതർ തന്ത്രപൂർവം ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്ദിരയുടെ വീട്ടിൽനിന്നും മറിയാമ്മയുടെ മാലയുടെ ഭാഗം കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.