കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് നടൻ ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിൽ ചട്ടലംഘനം നടന്നുവെന്ന് ആരോപണം. നിഷേധിച്ച് ജയിൽ അധികൃതരും.
ഒരു ദിവസം 13 പേർക്ക് വരെ സന്ദർശനം അനുവദിച്ചത് ഉൾപ്പെടെ ഗുരുതര ചട്ടലംഘനം നടന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. സന്ദർശകരായി എത്തിയ ചിലരിൽനിന്ന് അപേക്ഷയോ തിരിച്ചറിയൽ രേഖയോ വാങ്ങാതെ ദിലീപിനെ കാണാൻ അനുമതി നൽകുകയായിരുന്നുവെന്നും അവധി ദിവസങ്ങളിൽപോലും സന്ദർശകരെ അനുവദിച്ചപ്പോൾ മറ്റ് തടവുകാർക്ക് ലഭിക്കാത്ത സൗകര്യം ഒരുക്കി നൽകിയെന്നുമുള്ള ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
അതേസമയം, ജയിൽ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ നിഷേധിച്ച ജയിൽ സൂപ്രണ്ട് ഇതു സംബന്ധിച്ച് നേരത്തെ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നതായും വ്യക്തമാക്കി. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് സിനിമാ മേഖലയിൽനിന്ന് ഉൾപ്പെടെ നിരവധിപേർ ദിലീപിനെ സന്ദർശിക്കാനെത്തിയിരുന്നത് വിവാദമായിരുന്നു. തുടർന്ന് സന്ദർശക ബാഹുല്യത്തിനെതിരെയും നടനെ സന്ദർശിച്ചശേഷം പുറത്തിറങ്ങി താരത്തിന് അനുകൂല പ്രസ്താവന നടത്തുന്നതിനെതിരെയും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് നടനെ ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹാജരാക്കാൻ കോടതി ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ നിർദേശപ്രകാരം നൽകിയ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും വിശദമായി അറിയിച്ചിട്ടുണ്ടെന്നാണ് ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നത്.
ജയിൽ ഡിജിപിയുടെ ശുപാർശ പ്രകാരം ജയിൽ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് സന്ദർശന അനുമതി നൽകിയത്. സാധാരണയായി ഏതെങ്കിലും തിരിച്ചറിയൽ രേഖയാണ് സന്ദർശകരിൽനിന്ന് ആവശ്യപ്പെടുക. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളാണെങ്കിൽ ഇത്തരത്തിൽ രേഖകൾ വേണമെന്നില്ല. ദിലീപിനെ സന്ദർശിക്കാനെത്തിയവരിൽ ഒന്നോ രണ്ടോ പേരുടെ പക്കൽമാത്രമാണ് തിരിച്ചറിയൽ രേഖ ഇല്ലാതിരുന്നത്. സന്ദർശനത്തിനായി എത്തുന്പോൾ തിരിച്ചറിയൽ രേഖ കരുതണമെന്ന് അവർക്ക് അറിവില്ലായിരുന്നു.
ഇത് ബോധ്യമായതിനെത്തുടർന്ന് ഇവരിൽനിന്ന് അപേക്ഷ എഴുതിവാങ്ങിയശേഷമാണ് സന്ദർശനാനുമതി നൽകിയത്. പ്രധാനമായും ദിലീപിന്റെ രണ്ടാം ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ജയിലിലേക്ക് കൂടുതൽ സന്ദർശകർ എത്തിയത്. ഉടനെ ജാമ്യം ലഭിക്കില്ലെന്നു കരുതിയാവാം സിനിമാ മേഖലയിൽനിന്ന് ഉൾപ്പെടെയുള്ളവർ നടനെ സന്ദർശിക്കനെത്തിയതെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.