വാഹനങ്ങളുടെ നികുതി വെട്ടിപ്പ്! പരിശോധന ശക്തമാക്കി; കൊച്ചിയിലെ സ്വകാര്യ പാര്‍പ്പിട സമുച്ചയത്തില്‍ നിന്ന് കണ്ടെത്തിയവയില്‍ നടന്‍ ഫഹദ് ഫാസിലിന്റെ കാറും

അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങിയ മലയാള സിനിമാതാരങ്ങള്‍ വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നു പരിശോധന ശക്തമാക്കിയതായി പോലീസ്. തൃപ്പൂണിത്തുറയിലെ സ്വകാര്യ പാര്‍പ്പിട സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് വാഹനങ്ങളുടെ ഉടമകള്‍ക്കു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. നടന്‍ ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയുണ്ടായി. ചില കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ നിലയിലായിരുന്നു.

മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഉടമകള്‍ സ്ഥലത്തില്ലെന്ന മറുപടിയാണു ലഭിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ഉടമകള്‍ക്കു കൈമാറാന്‍ അയല്‍വാസികളെ ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ സെയ്ഫി ലാല്‍, അസി. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ ജഗന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്നാണറിയുന്നത്.

 

Related posts