ആ വാര്‍ത്ത തെറ്റ്! മിയ ഖലീഫ മലയാളത്തിലേയ്ക്കില്ല; സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു

കഴിഞ്ഞ കുറച്ചുനാളുകളായി മലയാള ചലച്ചിത്ര രംഗത്ത് ചര്‍ച്ചയായ വിഷയമായിരുന്നു പോണ്‍ സ്റ്റാര്‍ മിയ ഖലീഫയുടെ മലയാളത്തിലെ അരങ്ങേറ്റം. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെ താരം മലയാളത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത ഒമര്‍ ലുലു തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ സംവിധായകന്റെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിയാ ഖലീഫയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. താന്‍ സംവിധാനം ചെയ്ത ചിത്രമായ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയയും എത്തുമെന്ന് ഒമര്‍ ലുലു പറഞ്ഞതായി മലയാളത്തിലെ തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും പ്രധാന്യത്തോടെ തന്നെ മിയ ഖലീഫയുടെ മലയാള അരങ്ങേറ്റ വിവരം വാര്‍ത്തയാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകന്റെ വാദങ്ങള്‍ നിഷേധിച്ച് മിയയുടെ പ്രതിനിധികള്‍ രംഗത്തെത്തിയത്. എന്റര്‍ടെയിന്‍മെന്റ് ന്യൂസായ ബോളിവുഡ് ലൈഫാണ് മിയയുടെ വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിയ ഖലീഫ ഇന്ത്യന്‍ സിനിമയില്‍ അഭിനിയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അവരോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ചങ്ക്സ് 2 വില്‍ ക്യാരക്ടര്‍ റോളിലാകും മിയയെത്തുകയെന്നും ഗാനരംഗത്തിലും മിയ ഉണ്ടാവുമെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. പ്രൊജക്ടിനോട് മിയ ഖലീഫ അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒമര്‍ പറഞ്ഞെങ്കിലും ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോണ്‍ സ്റ്റാറെന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുള്ള താരമാണ് മിയ ഖലീഫ.

 

 

Related posts