കൊച്ചി: ആഗ്രഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ചിറകിലേറി രാധിക റാവു എന്ന 26 വയസുകാരി ഒറ്റയ്ക്കു മോട്ടോർ സൈക്കിളിൽ താണ്ടിയത് 22,000ത്തിലധികം കിലോമീറ്റർ. രാജ്യത്തെ 29 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനോടകംതന്നെ സന്ദർശിച്ചു.
ഇന്ത്യയിലുടനീളം യാത്ര ചെയ്തു ഫോട്ടോ ഡോക്യുമെന്ററി തയാറാക്കുകയായിരുന്നു ലക്ഷ്യം. ഏഴു മാസം നീണ്ട യാത്രയിലുടനീളം ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. വിവിധ ദേശങ്ങളിലെ ആചാരങ്ങളും സംസ്കാരങ്ങളും അടുത്തറിയാനും അതു കാമറയിൽ പകർത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാധിക പത്രസമ്മേളനത്തിൽ പറഞ്ഞു. യാത്രയിൽ കർഷകർ, വിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ, അനാഥർ തുടങ്ങി നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്താനും കഴിഞ്ഞെന്ന് അവർ പറഞ്ഞു.
ഏപ്രിൽ ഒന്പതിന് ചെന്നൈയിലെ വസതിയിൽനിന്നാണ് യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കാഷ്മീർ, മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും സഞ്ചരിച്ചാണ് ഇപ്പോൾ കേരളത്തിൽ എത്തിയത്. സുഹൃത്തുക്കളിൽനിന്നു സമാഹരിച്ച 50,000 രൂപയുമായിട്ടാണു യാത്ര തുടങ്ങിയത്.
യാത്രയ്ക്കിടയിലും നിരവധിപ്പേർ സാന്പത്തികമായി സഹായിച്ചു. ബജാജ് അവഞ്ചർ ബൈക്കിലായിരുന്നു യാത്ര. കേരളത്തിലൂടെ യാത്ര ചെയ്തപ്പോൾ അമിതവേഗത്തിൽ പായുന്ന ബസുകൾ പലപ്പോഴും പേടിപ്പിച്ചുവെന്നു രാധിക പറഞ്ഞു. 19ന് ചെന്നൈയിൽ യാത്ര അവസാനിക്കും.
രാധിക ജനിച്ചത് തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ്. പഠിച്ചതും വളർന്നതും ചെന്നൈയിൽ. ഫ്രീ ലാൻസ് ഫോട്ടോഗ്രാഫറായ രാധികയ്ക്കു സാഹസിക യാത്രയോടും സംഗീതത്തോടുമാണു പ്രിയം.
ചെന്നൈ കലാക്ഷേത്രയിൽ സംഗീതം പഠിച്ചിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥനായ അച്ഛൻ ജനാർദനനും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ അമ്മ സരസ്വതിയും തന്റെ ഇഷ്ടങ്ങൾക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടെന്നു രാധിക പറയുന്നു.